ചൈനയിൽ കുട്ടികൾക്കിടയിൽ ന്യൂമോണിയ പടരുന്നു; കാരണം അജ്ഞാതം
Friday, November 24, 2023 1:37 AM IST
ബെയ്ജിംഗ്: കോവിഡ് മഹാമാരിയിൽനിന്നും ഇനിയും കരകയറാനിരിക്കെ, ചൈനയിൽ കുട്ടികൾക്കിടയിൽ അജ്ഞാത ന്യൂമോണിയ പടരുന്നത് ആശങ്ക പരത്തുന്നു. ഒക്ടോബർ മധ്യത്തോടെ ബെയ്ജിംഗ് നഗരപരിധിയിലും ലിയാവൊനിംഗ് പ്രവിശ്യയിലുമാണ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
കുട്ടികളിൽ പടർന്നുപിടിച്ചതിനാൽ പലയിടങ്ങളിലും സ്കൂളുകൾ അടച്ചിരിക്കുകയാണ്. കടുത്ത പനി, ശ്വാസതടസം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ചിലർക്കു ചുമയുമുണ്ട്. പനി, കോവിഡ് അടക്കം വിവിധ രോഗങ്ങൾക്കു കാരണമാകുന്ന രോഗാണുക്കൾതന്നെയാണ് അജ്ഞാതരോഗത്തിനും കാരണമെന്ന് ചൈനീസ് അധികൃതർ പറയുന്നു.
വീണ്ടുമൊരു മഹാമാരിയിലേക്കാണു പോകുന്നതെന്ന് സൂചന നൽകി അജ്ഞാത രോഗം ബാധിച്ച കുട്ടികളെക്കൊണ്ട് ആശുപത്രികൾ നിറയുകയാണെന്നാണു റിപ്പോർട്ട്. ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചും രോഗത്തിന്റെ വിശദാംശങ്ങളും നൽകാൻ ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കോവിഡിനെപ്പോലെ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.