സ്പാനിഷ് മന്ത്രിസഭയിൽ പകുതിയിലേറെയും വനിതകൾ
Wednesday, November 22, 2023 1:48 AM IST
മാഡ്രിഡ്: സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിന്റെ മന്ത്രിസഭയിൽ പകുതിയിലേറെയും വനിതകൾ. 22 മന്ത്രിമാരിൽ 12 പേരും വനിതകളാണ്. വനിതാ മന്ത്രിമാരിൽ നാലു പേർ ഉപ പ്രധാനമന്ത്രിമാരാണ്. പുതിയ ഒന്പതു മന്ത്രിമാരാണു മന്ത്രിസഭയിലുള്ളത്.
നാദിയ കാൽവിനോ ധനകാര്യ വകുപ്പിന്റെ ചുമതലയിൽ തുടരും ഹോസെ മാനുവൽ അൽബരാസ് വിദേശകാര്യ വകുപ്പിലും മാർഗരിറ്റ റോബിൾസ് പ്രതിരോധ വകുപ്പിലും തുടരും. സാഞ്ചെസിന്റെ സോഷ്യലിസ്റ്റ് പാർട്ടിക്ക് 17 മന്ത്രിസ്ഥാനവും സഖ്യകക്ഷിയായ സുമാർ (ജോയിനിംഗ് ഫോഴ്സസ്) പാർട്ടിക്ക് അഞ്ചു മന്ത്രിസ്ഥാനവുമാണുള്ളത്.
350 അംഗ പാർലമെന്റിൽ 179 പേരുടെ പിന്തുണയോടെയാണു സാഞ്ചെസ് വീണ്ടും പ്രധാനമന്ത്രിയായത്. വലത്-മധ്യ കക്ഷിയായ പോപ്പുലർ പാർട്ടിക്ക് 171 പേരുടെ പിന്തുണയുണ്ട്.