ഹൂതികൾ റാഞ്ചിയ കപ്പൽ മോചിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളുടെ സഹായം തേടി ജപ്പാൻ
Tuesday, November 21, 2023 12:57 AM IST
ടോക്കിയോ: യെമനിലെ ഹൂതി വിമതർ തട്ടിയെടുത്ത ‘ഗാലക്സി ലീഡർ’ ചരക്കുകപ്പൽ മോചിപ്പിക്കാൻ വിദേശകാര്യമന്ത്രാലയം ഇടപെടുന്നതായി ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്സുനോ പറഞ്ഞു.
സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച ജപ്പാൻ, കപ്പൽ മോചിപ്പിക്കാൻ ഇറാൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
തുർക്കിയിൽനിന്ന് ഇന്ത്യയിലേക്കു വരികയായിരുന്ന കപ്പൽ തെക്കൻ യെമനിൽ ചെങ്കടലിൽവച്ചാണു ഹൂതികൾ പിടിച്ചെടുത്തത്. ഇസ്രേലി കപ്പലെന്നു തെറ്റിദ്ധരിച്ചാണു കപ്പൽ തട്ടിയെടുത്തത്. ഇസ്രേലി സന്പന്നനായ ഏബ്രഹാം റാമി ഉൻഗാർ സ്ഥാപിച്ച റേ കാർ കാരിയേഴ്സ് എന്ന ബ്രിട്ടീഷ് കന്പനിയുടെ ഉടമസ്ഥതയിലുള്ളതാണു കപ്പൽ. ഇതു ലീസിനെടുത്ത് സർവീസ് നടത്തുന്നത് ടോക്കിയോയിലെ നിപ്പോൺ യുസെൻ എന്ന കന്പനിയാണ്.
ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാനാണു സംഭവത്തിനു പിന്നിലെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചിരുന്നു.
കപ്പലിലെ 25 ജീവനക്കാരിൽ യുക്രെയ്ൻ, ബൾഗേറിയ, ഫിലിപ്പീൻസ്, മെക്സിക്കോ പൗരന്മാർ ഉൾപ്പെടുന്നു.