രസതന്ത്ര നൊബേൽ ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തിയവർക്ക്
Thursday, October 5, 2023 1:13 AM IST
സ്റ്റോക്ഹോം: ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടിത്തത്തിനും സമന്വയത്തിനും ശാസ്ത്രജ്ഞരായ മൗംഗി ബവെണ്ടി, ലൂയിസ് ബ്രൂസ്, അലക്സി എക്കിമോവ് എന്നിവർക്ക് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.
ഒപ്റ്റിക്കൽ, ഇലക്ട്രോണിക് ഗുണങ്ങളുള്ള കുറച്ച് നാനോമീറ്റർ വലിപ്പമുള്ള അർധചാലക കണങ്ങളാണ് ക്വാണ്ടം ഡോട്ടുകൾ (ക്യുഡി). നാനോകണങ്ങൾ നിറം സൃഷ്ടിക്കുന്ന ക്യുഎൽഇഡി ടെലിവിഷനുകളിലെയും തിയറ്റർ സ്ക്രീനുകളിലെയും സുപ്രധാന ഘടകമാണ് ക്വാണ്ടം ഡോട്സ്.
ഇതിനു പുറമെ ക്വാണ്ടം ഡോട്ടുകൾ മരുന്ന് വിതരണം, തത്സമയ ഇമേജിംഗ്, മെഡിക്കൽ ഡയഗ്നോസിസ് തുടങ്ങിയ നിരവധി ബയോമെഡിക്കൽ ആപ്ലിക്കേഷനുകളിലും സോളാർ സെല്ലുകളിലും എൽസിഡികളിലും ഉപയോഗിക്കുന്നു. 10 മില്യണ്‍ സ്വീഡിഷ് ക്രോണർ (ഏകദേശം 7.49 കോടി രൂപ) അടങ്ങുന്ന പുരസ്കാരം ഡിസംബർ 10 ന് സമ്മാനിക്കും.