യുഗാണ്ടൻ സ്കൂളിൽ ഭീകരാക്രമണം; 40 മരണം
Sunday, June 18, 2023 1:23 AM IST
കംപാല: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ സുഡാനിലെ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ മരിച്ചു. ഭൂരിഭാഗവും സ്കൂൾ ഡോർമിറ്ററിയിലുണ്ടായിരുന്ന ആൺകുട്ടികളാണ്. ഒട്ടേറെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
അയൽരാജ്യമായ കോംഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അലൈഡ് ഡോമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) ഭീകരസംഘടനാംഗങ്ങളാണ് പടിഞ്ഞാറൻ യുഗാണ്ടയിലെ എംപോണ്ടയിലുള്ള സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച അര്‍ധരാത്രി ആക്രമണം നടത്തിയത്. ആൺകുട്ടികളെ വെട്ടിക്കൊല്ലുകയും ഡോർമിറ്ററിക്കു തീയിടുകയും ചെയ്യുകയായിരുന്നു.
ആക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റിട്ടുമുണ്ട്. എത്രപേർ മരിച്ചുവെന്നോ അതിൽ എത്ര വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ല. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്.
60നു മുകളിൽ വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. ഭൂരിഭാഗവും ഡോർമിറ്ററിയിലാണു താമസിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി യുഗാണ്ടൻ സൈനികർ ഭീകരരെ പിന്തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. വിമാനങ്ങൾ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. കോംഗോയിലെ വിരുംഗ വനമേഖലയിലേക്കാണ് ഭീകരർ കടന്നിരിക്കുന്നത്.
എഡിഎഫ് ആക്രമണങ്ങൾ തടയാൻ സുഡാൻ, കോംഗോ സേനകൾ സംയുക്ത ഓപറേഷൻ നടത്തിയിരുന്നു.