യുക്രെയ്നിൽ അണക്കെട്ട് തകർത്തു : പിന്നിൽ റഷ്യയെന്ന് യുക്രെയ്ൻ
Wednesday, June 7, 2023 12:49 AM IST
കീവ്: തെക്കൻ യുക്രെയ്നിൽ റഷ്യൻ നിയന്ത്രണത്തിലുള്ള ഖേഴ്സണു സമീപത്തെ കഖോവ്ക അണക്കെട്ടും ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷനും റഷ്യൻ സൈന്യം തകർത്തതായി യുക്രെയ്ൻ ആരോപിച്ചു. അണക്കെട്ടു തകർന്നതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഒരിടത്തും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അണക്കെട്ട് തകർത്തത് യുക്രെയ്ൻ സൈന്യമാണെന്ന് റഷ്യൻ അധികൃതർ ആരോപിച്ചു.
അണക്കെട്ട് തകർന്നത് വലിയ പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതത്തിനു കാരണമാകും. വെള്ളപ്പൊക്കഭീഷണിയെത്തുടർന്ന് റഷ്യൻ, യുക്രെയ്ൻ അധികൃതർ ട്രെയിനുകളിലും ബസുകളിലും ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. റഷ്യൻ നിയന്ത്രിത മേഖലയിൽ 22,000 പേരും യുക്രെയ്ൻ അധീനമേഖലയിൽ 16,000 പേരും പ്രളയസാധ്യതാ മേഖലയിലാണു വസിക്കുന്നത്.
തുടർച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ൽ സോവ്യറ്റ് കാലത്താണു നിർമിച്ചത്. അണക്കെട്ട് തകർന്നതിനെത്തുടർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി ദേശീയസുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം വിളിച്ചുചേർത്തു. പ്രാദേശികസമയം ചൊവ്വാഴ്ച വെളുപ്പിന് 2.50ന് റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ അണക്കെട്ട് തകർക്കുകയായിരുന്നുവെന്നു സെലൻസ്കി ആരോപിച്ചു.
2014ൽ റഷ്യ അനധികൃതമായി പിടിച്ചെടുത്ത ക്രിമിയയിലേക്കു കുടിവെള്ളമെത്തിച്ചിരുന്നത് കഖോവ്ക ഡാമിൽനിന്നായിരുന്നു. അണക്കെട്ട് തകർന്നത് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപോറിഷ്യക്കും ഭീഷണിയായി. ആണവനിലയത്തിൽ ഇതേ ഡാമിലെ ജലമാണ് ഉപയോഗിക്കുന്നത്.
അണക്കെട്ടിലെ യന്ത്രങ്ങളിൽനിന്നുള്ള 150 മെടിക് ടൺ ഓയിൽ പുറത്തേക്ക് ഒഴുകിയെന്നും 300 മെട്രിക് ടൺ ഓയിൽകൂടി ഇനിയും ഒഴുകിയേക്കുമെന്നും യുക്രയ്ൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. നൂറോളം ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലാകുമെന്നു യുക്രെയ്നിലെ സന്നദ്ധസംഘടനയായ വേൾഡ് ഡേറ്റ സെന്റർ ഫോർ ജിയോഇൻഫർമാറ്റിക്സ് ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെന്റ് മുന്നറിയിപ്പു നല്കി.
നിപ്രോ നദിയിലെ ആറ് ഡാമുകളിൽ അഞ്ചും യുക്രെയ്ന്റെ നിയന്ത്രണത്തിലാണ്. യുക്രെയ്ന്റെ വടക്കൻ ഭാഗത്ത് ബെലാറൂസ് അതിർത്തിയിൽനിന്ന് ഉദ്ഭവിക്കുന്ന ഈ നദി കരിങ്കടലിലാണു പതിക്കുന്നത്. രാജ്യത്തെ കുടിവെള്ളത്തിന്റെ മുഖ്യസ്രോതസ് നിപ്രോയാണ്.
അണക്കെട്ട് തകർത്തതിൽ റഷ്യയെ കുറ്റപ്പെടുത്തി യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ് സ്വാതോസ്ലാവ് സ്വേത്ചുക് രംഗത്തെത്തി.