ബെൻ വാലസിനെ നാറ്റോ മേധാവിയാക്കാൻ ബ്രിട്ടന്റെ ശ്രമം
Tuesday, June 6, 2023 12:38 AM IST
കീവ്: ബ്രിട്ടീഷ് പ്രതിരോധമന്ത്രി ബെൻ വാലസ് നാറ്റോ സെക്രട്ടറി ജനറലാകാനുള്ള ശ്രമത്തിൽ. വാലസിനു പിന്തുണ നേടിയെടുക്കാനുള്ള ഊർജിത ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്.
ഉടൻതന്നെ അദ്ദേഹം നടത്തുന്ന അമേരിക്കാ സന്ദർശനത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണ ഇതിനായി അഭ്യർഥിക്കും. നേരത്തേ ജപ്പാനിൽ നടന്ന ജി-7 ഉച്ചകോടിയിൽ വാലസിന്റെ കാര്യം ഋഷി സുനാക് അവതരിപ്പിച്ചിരുന്നു.
യുക്രെയ്ന് അന്താരാഷ്ട്ര പിന്തുണ നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വാലസ് അമേരിക്കൻ നേതൃത്വത്തിനു സമ്മതനാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ജർമനിയും ഫ്രാൻസും വാലസിനെ പിന്തുണയ്ക്കാൻ സാധ്യതയില്ല. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനാണ് പല യൂറോപ്യൻ രാജ്യങ്ങൾക്കും സമ്മതൻ.
നിലവിലെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് സെപ്റ്റംബർ 30നു വിരമിക്കും. 2022ൽ വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിനു കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു.