മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അഭിഷിക്തനായി
Thursday, June 1, 2023 1:48 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാർ രൂപത യുടെ രണ്ടാമത്തെ മെത്രാനായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അഭിഷിക്തനായി. മെല്‍ബണിലെ ക്യാമ്പെല്‍ഫീല്‍ഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിൽ നടന്ന മെത്രാഭിഷേക തിരുക്കർമങ്ങളിൽ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രാദേശികസമയം ഇന്നലെ വൈകുന്നേരം 4.45ന് മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്കു പ്രവേശിച്ചതോടെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായി. മെല്‍ബണ്‍ രൂപത പ്രഥമ മെത്രാന് മാര്‍ ബോസ്കോ പുത്തൂര്‍ സ്വാഗതമാശംസിച്ചു.
മാര്‍ ജോണ്‍ പനന്തോട്ടത്തിലിനെ മെല്‍ബണ്‍ രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ചാള്‍സ് ബാല്വോ വായിച്ചു. തുടര്‍ന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ച മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി, മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിക്കാനായി എല്ലാ സഹായവും ചെയ്തുതന്ന ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിനും അന്തരിച്ച മുന്‍ സിഡ്നി ആർച്ച്ബിഷപ് ഡോ. ജോര്‍ജ് പെല്ലിനും മെല്‍ബണ്‍ ബിഷപ്പായിരുന്ന ഡോ. ഡെന്നീസ് ഹാര്‍ട്ടിനും നന്ദി പറഞ്ഞു.
കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് മെൽബൺ രൂപതയെ ഏറെ പുരോഗതിയിലേക്കു നയിച്ച മാർ ബോസ്കോ പുത്തൂരിനെയും അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരിയെയും കർദിനാൾ പ്രത്യേകം അഭിനന്ദിച്ചു.
ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി തിരുക്കര്‍മങ്ങളില്‍ ആര്‍ച്ച് ഡീക്കനായി. മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ക്കുശേഷം മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ബോസ്കോ പുത്തൂര്‍, മാർ റെമിജിയോസ് ഇഞ്ചനാനിയില്‍, മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, സിഎംഐ സഭ വികാരി ജനറാൾ ഫാ. ജോസി താമരശേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ബ്രിസ്ബെന് അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. മാര്‍ക്ക് കോള്‍റിഡ്ജ് വചനസന്ദേശം നൽകി. തുടര്‍ന്നു നടന്ന യാത്രയയപ്പ് ചടങ്ങില്‍ രൂപതയുടെ ഉപഹാരമായി മാർ ബോസ്കോ പുത്തൂരിന് മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എല്‍സി ജോയി എന്നിവര്‍ ചേര്‍ന്ന് മെമെന്റോ സമ്മാനിച്ചു. തുടര്‍ന്ന് മാര്‍ ബോസ്കോ പുത്തൂരും മാര്‍ ജോണ്‍ പനന്തോട്ടത്തിലും മറുപടിപ്രസംഗം നടത്തി. സുവനീറിന്റെ പ്രകാശനകര്‍മവും നടന്നു.
ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് അതിരൂപത ആര്‍ച്ച്ബിഷപ്പുമായ തിമോത്തി കോസ്റ്റെല്ലൊ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്, യൂറോപ്പിലെ സീറോമലബാർ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, രാജ്കോട്ട് ബിഷപ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ജഗദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവരുൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽനിന്നുള്ള 30 ഓളം ബിഷപ്പുമാരും മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന മുഴുവൻ വൈദികരും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും മറ്റു രൂപതകളിലും സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികരും രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽനിന്നുമായി ആയിരത്തോളം അല്മായരും സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചു. ഓസ്ട്രേലിയൻ ഫെഡറൽ-വിക്ടോറിയ സംസ്ഥാന മന്ത്രിമാരും സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.