അമേരിക്കൻ നിരീക്ഷണ വിമാനത്തിനു നേർക്ക് ചൈനീസ് യുദ്ധവിമാനത്തിന്റെ അഭ്യാസം
Thursday, June 1, 2023 12:45 AM IST
വാഷിംഗ്ടൺ ഡിസി: ദക്ഷിണ ചൈനാക്കടലിൽ നിരീക്ഷണത്തിനെത്തിയ അമേരിക്കൻ വിമാനത്തിനുനേർക്കു ചൈനീസ് യുദ്ധവിമാനം അഭ്യാസം കാട്ടുന്ന ദൃശ്യങ്ങൾ പെന്റഗൺ പുറത്തുവിട്ടു.
വെള്ളിയാഴ്ച നടന്ന സംഭവത്തിൽ അമേരിക്കൻ വ്യോമസേനയുടെ ആർസി-135 വിമാനത്തിനു 121 മീറ്റർ മുന്നിലൂടെ ചൈനീസ് യുദ്ധവിമാനം പാഞ്ഞുപോകുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ അമേരിക്കൻ വിമാനം കുലുങ്ങുന്നതു ദൃശ്യത്തിൽ വ്യക്തമാണ്.
അനാവശ്യ ആക്രമണോത്സുകതയാണു ചൈനീസ് യുദ്ധവിമാനം കാണിച്ചതെന്ന് അമേരിക്ക ആരോപിച്ചു. എന്നാൽ, ചൈനയെ നിരീക്ഷിക്കാനായി തുടരെത്തുടരെ വിമാനങ്ങളും കപ്പലുകളും അയയ്ക്കുന്ന അമേരിക്കയുടെ നടപടിയാണു പ്രശ്നത്തിനു കാരണമെന്നു ചൈന പ്രതികരിച്ചു. അപകടകരമായ ഇത്തരം പ്രകോപനങ്ങൾ അമേരിക്ക ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.