സാധാരണ പൗരനെ ബഹിരാകാശത്തെത്തിച്ച് ചൈന
Wednesday, May 31, 2023 12:45 AM IST
ബെയ്ജിംഗ്: സാധാരണ പൗരനായ ആദ്യ യാത്രികനുമായി ചൈന ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്ന് രാവിലെ 9:31ന് (ബെയ്ജിംഗ് സമയം) ഷെൻസോ 16 റോക്കറ്റാണ് ബെയ്ജിംഗിലെ സർവകലാശാല പ്രഫസർ ഗുയി ഹായ്ചാവോയെയും മറ്റു രണ്ടു യാത്രകരെയും വഹിച്ച് ബഹിരാകാശത്തേക്കു കുതിച്ചത്.
വിക്ഷേപണം കഴിഞ്ഞ് ഏകദേശം 10 മിനിറ്റിനുശേഷം, യാത്രക്കാരുടെ മൊഡ്യൂൾ ഷെൻസോ 16 റോക്കറ്റിൽ നിന്ന് വേർപെട്ട് അതിന്റെ നിയുക്ത ഭ്രമണപഥത്തിൽ പ്രവേശിച്ചു. ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും വിക്ഷേപണം പൂർണ വിജയമാണെന്നും ചൈന മാൻഡ് സ്പേസ് ഏജൻസി അറിയിച്ചു.
മൂവരും അഞ്ചു മാസത്തോളം ഭ്രമണപഥത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാലാമത്തെ തവണ ബഹിരാകാശത്തേക്കു പോകുന്ന ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരി എന്ന റിക്കാർഡ് നേട്ടം സ്വന്തമാക്കുന്ന മിഷന്റെ കമാൻഡർ ജിംഗ് ഹൈപെംഗും ആദ്യ ബഹിരാകാശ യാത്ര നടത്തുന്ന ഫ്ലൈറ്റ് എൻജിനിയർ ഷു യാംഗ്ഷുവുമാണ് മറ്റു രണ്ടു യാത്രികർ. 2030നു മുന്പ് ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിക്കാൻ പദ്ധതിയുണ്ടെന്നും ചൈന മാൻഡ് സ്പേസ് ഏജൻസി അറിയിച്ചു.