തുർക്കിയിൽ എർദോഗൻ തന്നെ
Monday, May 29, 2023 12:17 AM IST
അങ്കാറ: തുർക്കിയിൽ നിലവിലെ പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ വീണ്ടും പ്രസിഡന്റാകും. രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ 54.6 ശതമാനം വോട്ടും എണ്ണിയപ്പോൾ എർദോഗൻ ഇതിൽ 54.6 ശതമാനം വോട്ട് നേടി. എതിരാളിയായ കെമാൽ കിളിച്ച്ദൊരോഗ്ലുവിന് 45.53 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷം നേടിയ സ്ഥാനാർഥികൾ തമ്മിലായിരുന്നു രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.
ആദ്യറൗണ്ടിൽ എർദോഗന് 49.52 ശതമാനം വോട്ടും കിളിച്ച്ദൊരോഗ്ലുവിന് 45 ശതമാനം വോട്ടുമായിരുന്നു ലഭിച്ചത്. ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് വേണ്ടിവന്നത്.
ഇരുപത് വർഷമായി ഭരണത്തിൽ തുടരുന്ന എർദോഗൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും ജനാധിപത്യ മൂല്യങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്ന കെമാൽ വിജയിക്കുമെന്നായിരുന്നു സർവേഫലങ്ങൾ സൂചിപ്പിച്ചിരുന്നത്. പണപ്പെരുപ്പവും അടുത്തിടെയുണ്ടായ ഭൂകന്പവും എർദോഗന്റെ ജനപ്രീതി ഇടിക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു. തെരഞ്ഞെടുപ്പുഫലം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.