ഉത്തരകൊറിയയിൽ മാതാപിതാക്കൾ ബൈബിൾ കൈവശം വച്ചതിന് രണ്ടു വയസുകാരന് ജീവപര്യന്തം; എതിർത്ത് യുഎസ്
Sunday, May 28, 2023 2:59 AM IST
വാഷിംഗ്ടൺ ഡിസി: രണ്ടു വയസുള്ള കുഞ്ഞിനെ വരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്ന തരത്തിലുള്ള ക്രൂരതയാണ് ഉത്തരകൊറിയൻ സർക്കാർ ക്രൈസ്തവവിശ്വാസികളോടു കാട്ടുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്റെ റിപ്പോർട്ട്. കടുത്ത മതപീഡനം നടക്കുന്ന രാജ്യത്ത് 70,000 ക്രൈസ്തവരാണ് തടവിലടയ്ക്കപ്പെട്ടിരിക്കുന്നതെന്ന് 2002ലെ മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാതാപിതാക്കൾ ബൈബിൾ കൈവശം വച്ചതിന്റെ പേരിലാണ് രണ്ടു വയസുള്ള കുഞ്ഞിനു ശിക്ഷ ലഭിച്ചത്. 2009ൽ കുടുംബത്തെ അപ്പാടെ ജീവപര്യന്തത്തിനു ശിക്ഷിക്കുകയായിരുന്നു. ബൈബിൾ കൈവശം വയ്ക്കുന്നത് വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റാണ്. ഇതരമതസ്ഥരും പീഡനം നേരിടുന്നുണ്ട്.
ആരാധന നടത്തൽ, മതപരമായ വസ്തുക്കൾ കൈവശംവയ്ക്കൽ, വിശ്വാസം പുലർത്തുന്ന വ്യക്തിയുമായി ബന്ധപ്പെടൽ, മതപരമായ വസ്തുക്കൾ പങ്കുവയ്ക്കൽ എന്നിവയെല്ലാം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അറസ്റ്റ് ചെയ്ത് പീഡനത്തിന് ഇരയാക്കുന്ന ഇവരെ ഉചിതമായ വിചാരണയില്ലാതെ ശിക്ഷിക്കലാണു പതിവ്. അറസ്റ്റിലാകുന്നവർ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്.
ക്രൈസ്തവ മിഷണറിമാരെ രക്തംകുടിക്കുന്നവരായി ചിത്രീകരിക്കുന്ന ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതവിശ്വാസികളെ അവഹേളിക്കുന്ന ഗ്രാഫിക് നോവലുകളും സർക്കാർ പുറത്തിറക്കു ന്നുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.