യുക്രെയ്ൻ ആശുപത്രിയിൽ റഷ്യൻ മിസൈൽ: രണ്ടു മരണം
Saturday, May 27, 2023 1:04 AM IST
കീവ്: കിഴക്കൻ യുക്രെയ്നിലെ നിപ്രോ നഗരത്തിലുള്ള ആശുപത്രിക്കു നേർക്ക് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മൂന്നും ആറും പ്രായമുള്ള രണ്ട് ആൺകുട്ടികളടക്കം 23 പേർക്കു പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
നിപ്രോയ്ക്കു പുറമേ, ഖാർക്കീവ്, കീവ് നഗരങ്ങളിലും വ്യാഴാഴ്ച രാത്രി റഷ്യൻ മിസൈൽ ആക്രമണമുണ്ടായി. നിപ്രോയിൽ 17 മിസൈലുകളും 31 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രെയ്ൻ സേന അറിയിച്ചു.
ഖാർകീവിൽ എണ്ണസംഭരണ കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡോണറ്റ്സ്കിലെ കാൽലിവ്ക ജില്ലയിലുള്ള അണക്കെട്ടിൽ റഷ്യൻ മിസൈൽ പതിച്ചതിനെത്തുടർന്ന് സമീപപ്രദേശങ്ങൾ വെള്ളപ്പൊക്കഭീഷണിയിലായി.
ഇതിനു പിന്നാലെ ഇന്നലെ റഷ്യൻ അതിർത്തിപ്രദേശമായ ബെൽഗരോദിൽ യുക്രെയ്ൻ സേന ഷെല്ലാക്രമണം നടത്തി. ആർക്കും പരിക്കില്ലെന്നു റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
കിഴക്കൻ റഷ്യയിലെ ക്രാസ്നോഡാർ നഗരത്തിലുണ്ടായ സ്ഫോടനങ്ങളിൽ രണ്ടു കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്നു റഷ്യ പറഞ്ഞു.