യാത്രക്കാരൻ തുറന്ന വാതിലുമായി വിമാനം ലാൻഡ് ചെയ്തു
Saturday, May 27, 2023 1:04 AM IST
സീയൂൾ: ആകാശത്തുവച്ച് യാത്രികൻ തുറന്ന വാതിലുമായി വിമാനം നിലത്തിറങ്ങി. ദക്ഷിണകൊറിയയിലെ ഡേഗു വിമാനത്താവളത്തിൽ ഇന്നലെയായിരുന്നു സംഭവം. വാതിലിനോടു ചേർന്ന സീറ്റുകളിലുണ്ടായിരുന്ന കുറച്ചുപേർക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി. വാതിൽ തുറന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ജേസു ദ്വീപിൽനിന്നു പുറപ്പെട്ട ഏഷ്യാന എയർലൈൻസ് വിമാനം ഡേഗു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു മുന്‍പാണു മുപ്പതുകളിൽ പ്രായമുള്ള യാത്രികൻ എമർജൻസി വാതിൽ തുറന്നത്. വിമാനം 250 മീറ്റർ ഉയരത്തിലായിരുന്നു. ലാൻഡിംഗ് സമയം ആയിരുന്നതിനാൽ വിമാനജീവനക്കാർക്ക് ഇയാളെ തടയാൻ പറ്റിയില്ല. വിമാനത്തിൽനിന്നു ചാടാനുള്ള ശ്രമവും ഇയാൾ നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഇയാൾ മദ്യപിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. വാതിൽ തുറക്കാനുള്ള കാരണം വിശദീകരിക്കാൻ തയാറായിട്ടുമില്ല.