ബെർഗരോദ് ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക
Thursday, May 25, 2023 1:07 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്നിൽനിന്നുള്ള സായുധ പോരാളികൾ റഷ്യയിലെ ബെൽഗരോദ് മേഖല ആക്രമിച്ചതിൽ പങ്കില്ലെന്ന് അമേരിക്ക. പോരാളികളെ തുരത്തിയോടിക്കുന്നതിനിടെ നശിപ്പിച്ച അമേരിക്കൻ നിർമിത വാഹനങ്ങളുടെ ചിത്രങ്ങൾ റഷ്യ പുറത്തുവിട്ട സാഹചര്യത്തിലാണു വിശദീകരണം.
റഷ്യക്കുള്ളിൽ ആക്രമണം നടത്തുന്നതിനെ അമേരിക്ക പിന്തുണയ്ക്കില്ലെന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. അമേരിക്കൻ നിർമിത ആയുധങ്ങൾ ഉപയോഗിച്ചാണ് ബെൽഗരോദിൽ ആക്രമണം നടത്തിയെന്നാരോപിക്കുന്ന റിപ്പോർട്ടുകളുടെ സത്യാവസ്ഥയിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് നിർമിത ഹമ്മറുകൾ അടക്കം പാശ്ചാത്യ വാഹനങ്ങൾ തകർന്നുകിടക്കുന്നതിന്റെ ചിത്രങ്ങളാണു റഷ്യ പുറത്തുവിട്ടത്. റഷ്യ ഇവ കൃത്രിമമായി ഉണ്ടാക്കിയതാകാമെന്ന വാദവും ഉയർന്നിട്ടുണ്ട്.
യുക്രേനിയൻ വിധ്വംസകരാണ് ആക്രമണം നടത്തിയതെന്നു റഷ്യ ആരോപിക്കുന്നു. എന്നാൽ പ്രസിഡന്റ് പുടിനെ എതിർക്കുന്ന റഷ്യൻ വിമത ഗ്രൂപ്പുകളാണെന്നാണു യുക്രെയ്ൻ പറഞ്ഞത്.
എഴുപതിലധികം പോരാളികളെ വധിച്ച് അക്രമികളെ തുരത്തിയെന്നാണ് റഷ്യ അവകാശപ്പെട്ടത്. ഒട്ടേറെ ഡ്രോണുകളും വെടിവച്ചിട്ടു.
ഡ്രോൺ ആക്രമണത്തിൽ റഷ്യൻ പൈപ്പ്ലൈനു തകരാറുണ്ടായതായി റിപ്പോർട്ടുണ്ട്. വിധ്വംസകരുടെ ആക്രമണത്തിൽ ഒരു റഷ്യൻ വയോധിക കൊല്ലപ്പെട്ടു.അതേസമയം, യുക്രെയ്ന്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്ന കാര്യത്തിൽ പാശ്ചാത്യ ശക്തികൾക്കു സംശയമില്ലെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. പ്രത്യാക്രമണത്തിനു തയാറെടുക്കുന്ന യുക്രെയ്ൻ പട്ടാളം റഷ്യയുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയായിരിക്കാം ഇതു ചെയ്തത്.
റഷ്യക്കുള്ളിലെ ആക്രമണം കൂടുതൽ പ്രകോപനപരമാണെന്ന അഭിപ്രായമാണ് പാശ്ചാത്യർക്കുള്ളത്. യുക്രെയ്നു നല്കുന്ന ആയുധങ്ങൾ റഷ്യക്കുള്ളിൽ പ്രയോഗിക്കരുതെന്ന നിബന്ധന പാശ്ചാത്യർ വച്ചിട്ടുള്ളതാണ്.