സുഡാനിൽ വെടിനിർത്തൽ
Monday, May 22, 2023 12:41 AM IST
ഖാർത്തൂം: സൈനിക വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന സുഡാനിൽ ഒരാഴ്ചത്തേയ്ക്കു വെടിനിർത്തലിനു ധാരണ. അമേരിക്കയുടെയും സൗദിയുടെയും മധ്യസ്ഥതയിൽ ജിദ്ദയിൽ നടന്ന ചർച്ചയിൽ ഇന്നു വൈകുന്നേരം മുതൽ പോരാട്ടം നിർത്തിവയ്ക്കാൻ സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും സമ്മതിച്ചു.
കഴിഞ്ഞമാസം ആദ്യമാണ് ഇരു വിഭാഗവും ഏറ്റുമുട്ടൽ ആരംഭിച്ചത്. തലസ്ഥാനമായ ഖാർത്തൂമിൽനിന്നു ലക്ഷക്കണക്കിനുപേർ പലായനം ചെയ്തു. ഭക്ഷണത്തിനും അവശ്യസാധനങ്ങൾക്കും വലിയ ക്ഷാമമുണ്ട്.
പലവട്ടം വെടിനിർത്തൽ ധാരണ ഉണ്ടാക്കിയെങ്കിലും അവ മണിക്കൂറുകൾക്കകം തകർന്നിരുന്നു. ഇക്കുറി വെടിനിർത്തൽ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരീക്ഷണസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നു സൗദിയും അമേരിക്കയും പ്രസ്താവനയിൽ അറിയിച്ചു. വെടിർത്തൽകാലത്ത് അവശ്യസേവനങ്ങൾ പുനഃസ്ഥാപിക്കാൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്.
ഇതിനിടെ ഖാർത്തൂമിലെ തങ്ങളുടെ എംബസി കൊള്ളയടിക്കപ്പെട്ടതായി ഖത്തർ അറിയിച്ചു. ജോർദാന്റേതടക്കം മറ്റ് എംബസികളും യുഎസ് സംഭരണശാലയും നേരത്തേ കൊള്ളയടിക്കപ്പെട്ടിരുന്നു.