യുക്രെയ്നിലേക്ക് എഫ്-16; മുന്നറിയിപ്പുമായി റഷ്യ
Sunday, May 21, 2023 1:04 AM IST
ഹിരോഷിമ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്കൻ നിർമിത അത്യാധുനിക എഫ്-16 അടക്കമുള്ള യുദ്ധവിമാനങ്ങൾ ലഭിക്കും. അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളുടെ പക്കലുള്ള എഫ്-16 വിമാനങ്ങളായിരിക്കും യുക്രെയ്നു ലഭിക്കുക.
യുക്രെയ്ൻ പൈലറ്റുമാർക്ക് അമേരിക്കൻ സേന പരിശീലനം നല്കും. ഇതിന് അനുമതി നല്കാൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചതായി യുഎസ് ദേശീയ സുരക്ഷാഉപദേഷ്ടാവ് ജേക് സള്ളിവൻ അറിയിച്ചു. ഹിരോഷിമയിൽ യോഗം ചേരുന്ന ജി-7 രാഷ്ട്രനേതാക്കളെ ബൈഡൻ തീരുമാനം അറിയിച്ചിട്ടുണ്ട്.
യുക്രെയ്ന് എഫ്-16 നല്കുന്ന രാജ്യങ്ങൾ വളരെ വലിയ അപകടമാണു ക്ഷണിച്ചുവരുത്തുന്നതെന്ന് റഷ്യ പ്രതികരിച്ചു. പാശ്ചാത്യശക്തികൾ സംഘർഷം വർധിപ്പിക്കുകയാണെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അലക്സാണ്ടർ ഗ്രുഷ്കോ പറഞ്ഞു. ചരിത്രപരമായ തീരുമാനമാണിതെന്നാണ് ഹിരോഷിമയിലെ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പ്രതികരിച്ചത്.
ആകാശയുദ്ധത്തിൽ റഷ്യക്കുള്ള മേധാവിത്വം തകർക്കാനായി എഫ്-16 പോലുള്ള വിമാനങ്ങൾ വേണമെന്ന് ദീർഘനാളായി യുക്രെയ്ൻ ആവശ്യപ്പെടുന്നതാണ്. എന്നാൽ റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിനു വഴിവച്ചേക്കുമെന്ന കാരണത്താൽ അമേരിക്ക ആവശ്യത്തിനു വഴങ്ങിയിരുന്നില്ല.
കരയുദ്ധത്തിനു സഹായകരമായ ആയുധങ്ങളാണ് ഇതുവരെ അമേരിക്ക നല്കിയിട്ടുള്ളത്.
സോവ്യറ്റ് നിർമിത മിഗ്, സുഖോയ് വിമാനങ്ങൾ ഉപയോഗിച്ചു പോരാടുന്ന യുക്രെയ്നുമേൽ റഷ്യൻ വ്യോമസേനയ്ക്കു വ്യക്തമായ ആധിപത്യമുണ്ട്. എഫ്-16 ലഭിച്ചാൽ ഇതു മറികടക്കാമെന്നു കരുതുന്നു.
സ്വയം പ്രതിരോധത്തിനാണ് യുക്രെയ്ന് യുദ്ധവിമാനങ്ങൾ നല്കുന്നതെന്നും ഇവ ഉപയോഗിച്ച് റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ അമേരിക്ക സമ്മതിക്കില്ലെന്നും ജേക്ക് സള്ളിവൻ ഹിരോഷിമയിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. യുദ്ധഗതി മാറുന്ന സാഹചര്യത്തിലാണ് യുക്രെയ്ന് എല്ലാവിധ ആയുധങ്ങളും നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടൻ, നെതർലാൻഡ്സ്, ബെൽജിയം, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്തു.