ബെലാറൂസിൽ അണ്വായുധം വിന്യസിക്കും: പുടിൻ
Sunday, March 26, 2023 11:59 PM IST
മോസ്കോ: യുക്രെയ്നുമായി നീണ്ട അതിർത്തിയുള്ള ബെലാറൂസിൽ അണ്വായുധം വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. ആണവ നിരായുധീകരണ കരാറുകളുടെ ലംഘനമല്ല ഈ നടപടിയെന്നും ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആണവശക്തികൾ അണ്വായുധങ്ങൾ രാജ്യത്തിനു പുറത്തു വിന്യസിക്കരുതെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ മോസ്കോ സന്ദർശനത്തിനിടെ സംയുക്ത പ്രസ്താവന ഇറക്കി ദിവസങ്ങൾക്കകമാണു പുടിന്റെ തീരുമാനം.
യുദ്ധഭൂമിയിൽ പ്രയോഗിക്കാൻ കഴിയുന്ന തീവ്രത കുറഞ്ഞ ടാക്ടിക്കൽ ഇനത്തിൽപ്പെട്ട അണ്വായുധങ്ങളായിരിക്കും ബെലാറൂസിൽ എത്തിക്കുകയെന്നാണു പുടിൻ പറഞ്ഞിരിക്കുന്നത്. ആയുധങ്ങളുടെ നിയന്ത്രണം റഷ്യക്കായിരിക്കും.
ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ വ്ലാദിമിർ പുടിന്റെ വിശ്വസ്തനാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശക്തമായ പിന്തുണ അദ്ദേഹം നല്കുന്നുണ്ട്. നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ രാജ്യങ്ങളുമായും ബെലാറൂസിന് അതിർത്തിയുണ്ട്.
ബെലാറൂസിൽ അണ്വായുധം വിന്യസിക്കുന്ന കാര്യം ലൂക്കാഷെങ്കോ പലവട്ടം തന്നോടു ചർച്ച ചെയ്തിട്ടുള്ളതാണെന്നു പുടിൻ പറഞ്ഞു. ഇതിൽ അസാധാരണമായി ഒന്നുമില്ല. സുഹൃദ് രാജ്യങ്ങളിൽ അണ്വായുധം വിന്യസിക്കുന്ന നടപടി അമേരിക്ക പതിറ്റാണ്ടുകളായി തുടരുന്നതാണ്.
ബെലാറൂസിലെ അണ്വായുധങ്ങൾ പ്രവർത്തിപ്പിക്കാനായി സൈനികർക്ക് വരുംദിവസങ്ങളിൽ പരിശീലനം ആരംഭിക്കും. ആയുധസംഭരണ കേന്ദ്രങ്ങളുടെ നിർമാണം ജൂലൈ ഒന്നിനകം പൂർത്തിയാകും. അണ്വായുധ പോർമുന വഹിക്കാൻ കഴിയുന്ന ഇസ്കന്ദർ മിസൈലുകൾ ബെലാറൂസിലേക്കു മാറ്റിക്കഴിഞ്ഞതായും പുടിൻ അറിയിച്ചു.
അതേസമയം, റഷ്യ അണ്വായുധം പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണെന്നു കരുതുന്നില്ലെന്ന് അമേരിക്ക പ്രതികരിച്ചു. ബെലാറൂസിനെ റഷ്യ അണ്വായുധബന്ദിയാക്കിയെന്നു യുക്രെയ്ൻ പ്രതികരിച്ചു.
ചൈനയുമായി സൈനികസഖ്യമില്ല
റഷ്യയും ചൈനയും സൈനികസഖ്യം രൂപീകരിക്കുകയില്ലെന്നു വ്ലാദിമിർ പുടിൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഇടപാടുകൾ സുതാര്യമാണ്. പാശ്ചാത്യശക്തികൾ പുതിയ അച്ചുതണ്ട് ശക്തി രൂപീകരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയും ജപ്പാനും തമ്മിലുണ്ടാക്കിയ അച്ചുതണ്ട് സഖ്യത്തിനു സമാനമാണിതെന്നും പുടിൻ ആരോപിച്ചു.