ബലൂൺ: യുഎസ് വിവേചനപരമായി പെരുമാറുന്നതായി ചൈന
Monday, February 6, 2023 11:58 PM IST
ബെയ്ജിംഗ്: ചൈനീസ് ചാരബലൂണിനെ കണ്ടെത്തിയ സംഭവത്തിൽ ചൈനയെ കുറ്റപ്പെടുത്തുന്ന അമേരിക്കയുടെ നടപടിയെ വിമർശിച്ച് ചൈന. ചൈന-യുഎസ് ബന്ധത്തിൽ ഇക്കാര്യം പ്രത്യക്ഷമായി വിള്ളൽ ഏല്പ്പി ച്ചെന്നും ചൈന ആരോപിച്ചു.
വടക്കേ അമേരിക്കയിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയ ചൈനയുടെ ചാര ബലൂൺ യുഎസ് സൈന്യം വെടിവച്ചു വീഴ്ത്തിയിരുന്നു. ചൈനയുടെ ആളില്ലാത്ത ബലൂൺ സഞ്ചാരപേടകത്തിനു നേരേ യുഎസ് സൈന്യം ആക്രമണം നടത്തിയതിൽ യുഎസ് എംബസിയിൽ പരാതി നൽകിയതായി വിദേശകാര്യ ഉപമന്ത്രി ഷി ഫെംഗ് പറഞ്ഞു.
കാലാവസ്ഥാപഠനത്തിനുള്ള ബലൂണാണിതെന്നും അബദ്ധത്തിൽ അമേരിക്കയുടെ ആകാശത്തു പ്രവേശിച്ചതാണെന്നുമാണു ചൈന പറയുന്നത്. സിവിലിയൻ ആവശ്യങ്ങൾക്കുള്ള ബലൂൺ യുഎസ് പട്ടാളം വെടിവച്ചിട്ടതിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുന്നതായി ചൈന പ്രതികരിച്ചു.
ബലൂൺ കണ്ടെത്തിയ സംഭവം ചൈന-യുഎസ് ബന്ധത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഉലച്ചിൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ബലൂൺ വിഷയത്തെത്തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനീസ് സന്ദർശനം റദ്ദാക്കി.