പാക് ഉപതെരഞ്ഞെടുപ്പ്: 33 മണ്ഡലങ്ങളിലും ഇമ്രാൻ ഖാൻ സ്ഥാനാർഥി
Tuesday, January 31, 2023 12:47 AM IST
ലാഹോർ: പാക്കിസ്ഥാന്റെ നാഷണൽ അസംബ്ലിയിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഒറ്റയാൾ പോരാട്ടം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 33 മണ്ഡലങ്ങളിലും തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടി സ്ഥാനാർഥിയായി ഇമ്രാൻ ഖാൻ മത്സരിക്കും.
പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ എംപിമാരായിരുന്നവര് ഡമ്മി സ്ഥാനാർഥിയായി നാമനിർദേശം സമർപ്പിക്കാനാണു തീരുമാനം.
മാർച്ച് പതിനാറിനാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇമ്രാൻ ഖാൻ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ, പിടിഐ എംപിമാർ പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലി ബഹിഷ്കരിച്ച് സ്പീക്കർക്കു രാജി സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാസമാണ് സ്പീക്കർ രാജി അംഗീകരിച്ചത്. ഇതേത്തുടർന്നാണ് 33 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ്.