യൂറോപ്യൻ യൂണിയൻ വാതക പൈപ്പ്ലൈനിൽ ചോർച്ച, തിരിച്ചടിക്കുമെന്നു മുന്നറിയിപ്പ്
Thursday, September 29, 2022 12:25 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ, സമുദ്രത്തിനടിയിലെ രണ്ടു വാതക പൈപ്പ് ലൈനുകളിൽ ചോർച്ച കണ്ടെത്തി. പൈപ്പ് ലൈനുകൾക്കു നേരേ ആക്രമണം നടത്തിയവർക്കെതിരേ സംയുക്ത തിരിച്ചടി നൽകുമെന്ന് ഇയു വിദേശകാര്യ നയ മേധാവി ജോസഫ് ബോറൽ അറിയിച്ചു.
ബാൾട്ടിക്ക് സമുദ്രത്തിലൂടെയുള്ള പൈപ്പ് ലൈനുകളിലാണ് അസാധാരണ ചോർച്ച കണ്ടെത്തിയത്. റഷ്യയിൽനിന്നു ജർമനിയിലേക്കു പ്രകൃതിവാതകം എത്തിക്കുന്ന ലൈനുകളിലാണ് ചോർച്ച. യൂറോപ്യൻ യൂണിയൻ വാത-വൈദ്യുതി വിലവർധനയിൽ നട്ടംതിരിയുന്നതിനിടെയാണു പുതിയ സംഭവം.
റഷ്യ-യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഇന്ധനക്ഷാമം സൃഷ്ടിക്കുന്നതിനാണു പൈപ്പ് ലൈനുകൾ തകർത്തതെന്ന് യൂറോപ്യൻ നേതാക്കൾ ആരോപിച്ചു.
നോർഡ് സ്ട്രീം 1, 2 പൈപ്പ് ലൈനുകളിലാണ് മൂന്ന് ചോർച്ച കണ്ടെത്തിയിരിക്കുന്നത്. യുക്രെയ്ൻ, പോളണ്ട് രാജ്യങ്ങളിലൂടെയല്ലാതെ റഷ്യയിൽനിന്ന് ജർമനിയിലേക്കു നേരിട്ട് പ്രകൃതിവാതം എത്തിക്കുന്ന പൈപ്പ് ലൈനുകളാണ് ഇവ.
പൈപ്പ് ലൈനികളിലെ ചോർച്ച സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബോറൽ പറഞ്ഞു. പൈപ്പ് ലൈനികളിലെ ചോർച്ച അപകടം മൂലമല്ലെന്നും കുറ്റക്കാർക്ക് തിരിച്ചടി നൽകുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫെഡറിക്സൺ പറഞ്ഞു. ചോർച്ച സംബന്ധിച്ച് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗുമായി ഡെൻമാർക്ക് പ്രതിരോധമന്ത്രി മോർടെൻ ബോഡ്സ്കോവ് ചർച്ച നടത്തി.