ജർമനിയിൽ മലയാളി ഗവേഷക വിദ്യാർഥി തടാകത്തിൽ മുങ്ങി മരിച്ചു
Tuesday, June 28, 2022 11:48 PM IST
ബെർലിൻ: മലയാളി ഗവേഷക വിദ്യാർഥിയെ ജർമനിയിൽ തടാകത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തൃപ്പൂണിത്തുറ ഏരൂർ വെസ്റ്റ് ശ്രീലക്ഷ്മിയിൽ സത്യന്റെയും അജിതയുടെയും മകൻ അരുണ്‍ (25) ആണ് മരിച്ചത്.
ഗോട്ടിംഗൻ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയായ അരുണിനെ കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായിരുന്നു. അന്വേഷണത്തിനിടെ റോസ്ഡോർഫർ ബാഗർസീ എന്നറിയപ്പെടുന്ന ക്വാറി തടാകത്തിന്റെ കരയിൽനിന്ന് അരുണിന്റെ സൈക്കിളും വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്തി. തുടർന്നു വിദഗ്ധസംഘം തടാകത്തിൽ നടത്തിയ തെരച്ചിലിനിടെ 16 മീറ്റർ താഴ്ചയിൽനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.
തടാകത്തിന് 700 മീറ്ററിലധികം നീളവും 250 മീറ്റർ വീതിയും 40 മീറ്റർ വരെ ആഴവുമുണ്ട്. അരുണിനു നീന്തൽ വശമില്ലായിരുന്നെന്നാണു സ്ഥിരീകരിക്കാത്ത വിവരം. ഒന്നര വർഷം മുന്‍പാണ് അരുണ്‍ ജർമനിയിൽ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഗോട്ടിംഗനിലെ മലയാളി സമൂഹം നടത്തിവരികയാണ്. അരുണിന്റെ പിതാവ് സത്യൻ കൊച്ചിൻ ഷിപ്പ്യാർഡിൽ ജീവനക്കാരനാണ്. അതുൽ ഏക സഹോദരനാണ്.