ഇറാക്കിൽ ഐഎസ് ഭീകരർ സൈനിക ബാരക് ആക്രമിച്ചു
Saturday, January 22, 2022 12:02 AM IST
ബാഗ്ദാദ്: ഇറാക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സൈനിക ബാരക്കുകൾ ആക്രമിച്ച് 11 സൈനികരെ കൊലപ്പെടുത്തി. ബാഗ്ദാദിനു വടക്കുള്ള പർവതമേഖലയിലായിരുന്നു ആക്രമണം. ഉറങ്ങുകയായിരുന്ന സൈനികരാണ് ഭീകരരുടെ ആക്രമണത്തിനിരയായത്.
ബാഗ്ദാദിന് 120 കിലോമീറ്റർ അകലെ അൽ-അസിം ജില്ലയിൽ വെളുപ്പിനു മൂന്നിനായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ലഫ്. റാങ്കിലുള്ള ഓഫീസറും ഉൾപ്പെടുന്നു. ഈയിടെ ഇറാക്കി സൈന്യത്തിനു നേരെ നടന്ന ഏറ്റവും മാരക ആക്രമണമാണിത്.
ഇറാക്കിൽ 2017ലും സിറിയയിൽ 2019ലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പരാജയപ്പെടുത്തിയെങ്കിലും മിക്ക മേഖലകളിലും ഐഎസ് സ്ലീപ്പർ സെല്ലുകൾ സജീവമാണ്. സുരക്ഷാസൈനികരും പവർ സ്റ്റേഷനുകളും മറ്റ് തന്ത്രപ്രധാന സ്ഥാപനങ്ങളുമാണ് ഐഎസ് ആക്രമണത്തിനിരയാകുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ഐഎസ് ഭീകരർ യന്ത്രത്തോക്കുകളുകളായി ദിയാല പ്രവിശ്യയിലെ ഷിയാ ഗ്രാമത്തിൽ ആക്രമണം നടത്തി 11 പ്രദേശവാസികളെ കൊലപ്പെടുത്തിയിരുന്നു.