പത്തു കോടി ഡോളറിന്റെ മാനനഷ്ടക്കേസുമായി ട്രംപ്
Thursday, September 23, 2021 12:39 AM IST
ന്യൂയോർക്ക്: നികുതിവെട്ടിപ്പു നടത്തിയെന്നാരോപിച്ച ന്യൂയോർക്ക് ടൈംസ് പത്രത്തിനും സ്വന്തം സഹോദരന്റെ മകൾ മേരി ട്രംപിനും എതിരേ യുഎസിലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പത്തു കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ട്രംപ് പ്രസിഡന്റായിരിക്കേ 2018ൽ പത്രത്തിൽ വന്ന അന്വേഷണാത്മക റിപ്പോർട്ടാണു കേസിനാധാരം.
സുസാനെ ക്രെയ്ഗ്, ഡേവിഡ് ബാർസ്റ്റോ, റസൽ ബ്യൂട്ട്നർ എന്നിവർ തയാറാക്കിയ റിപ്പോർട്ടിന് 2019ലെ പുലിസ്റ്റർ പുരസ്കാരം ലഭിച്ചിരുന്നു. റിപ്പോർട്ടിനു വേണ്ട വിശദാംശങ്ങൾ നല്കിയതു താനാണെന്ന് മേരി ട്രംപ്, പിന്നീട് ഡോണൾഡ് ട്രംപിനെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ വെളിപ്പെടുത്തി.
ഡോണൾഡ് ട്രംപിന്റെ മൂത്തസഹോദരൻ അന്തരിച്ച ഫ്രെഡ് ട്രംപിന്റെ മകളാണു മേരി. ഡോണൾഡ് ട്രംപ് അടക്കമുള്ള ബന്ധുക്കൾ ചേർന്ന് തന്റെ പിതാവിന് അവകാശപ്പെട്ട സ്വത്തുക്കൾ തട്ടിയെടുത്തു എന്നാരോപിച്ചു മേരി നല്കിയ കേസും നടന്നുവരികയാണ്.