റഷ്യൻ സർവകലാശാലയിൽ വെടിവയ്പ്; എട്ട് മരണം
Monday, September 20, 2021 11:27 PM IST
മോസ്കോ: റഷ്യയിലെ പേം സർവകലാശാലയിലുണ്ടായ വെടിവയ്പിൽ എട്ടു പേർ മരിച്ചു. 28 പേർക്കു പരിക്കേറ്റു. ഒരു വിദ്യാർഥിയാണ് ആക്രമണം നടത്തിയത്.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾക്കു പരിക്കേറ്റു. അക്രമിയുടെ വിശദവിവരങ്ങളോ ആക്രമണകാരണമോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കറുത്ത വസ്ത്രം ധരിച്ച് ഹെൽമറ്റും അണിഞ്ഞാണ് അക്രമി കാന്പസിലെത്തിയത്.
അഞ്ചുപേർ കൊല്ലപ്പെട്ടുവെന്നും ആറു പേർക്ക് പരിക്കേറ്റുവെന്നമായിരുന്നു ആദ്യ റിപ്പോർട്ട്. പിന്നീട് എട്ടുപേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരാനിടയുണ്ട്. സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണ്.
അക്രമിയിൽനിന്ന് രക്ഷപ്പെടാൻ വിദ്യാർഥികൾ കെട്ടിടത്തിന്റെ ജനലിൽനിന്ന് താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒട്ടേറെ വിദ്യാർഥികളും ജീവനക്കാരും മുറികൾ അടച്ച് അകത്ത് കഴിഞ്ഞുകൂടുകയും ചെയ്തു.
നായാട്ടിന് ഉപയോഗിക്കുന്ന തോക്കാണ് അക്രമിയുടെ കൈവശം ഉണ്ടായിരുന്നത്. വെടിവയ്പിനെക്കുറിച്ച് വിവരം ലഭിച്ചശേഷം കാന്പസിലെത്തിയ ട്രാഫിക് പോലീസിനുനേരേയും അക്രമി വെടിയുതിർത്തു. 12,000 ഓളം കുട്ടികൾ പഠിക്കുന്ന സർവകലാശാലയിൽ ആക്രമണസമയത്ത് മൂവായിരത്തോളം പേരുണ്ടായിരുന്നു.
തോക്ക് കൈവശം വയ്ക്കുന്നതിന് റഷ്യയിൽ കർക്കശ നിയമങ്ങൾ നിലവിലുണ്ടെങ്കിലും നായാട്ടിനായി നിരവധിയാളുകൾ തോക്കുകൾ സ്വന്തമാക്കാറുണ്ട്.
ഈ മേയിലാണ് കസാൻ നഗരത്തിൽ 19 കാരനായ അക്രമി നടത്തിയ വെടിവയ്പിൽ രണ്ട് അധ്യാപകരും ഏഴ് വിദ്യാർഥികളും കൊല്ലപ്പെട്ടത്.