ഇന്ത്യയിലുള്ളവർ തിരിച്ചുവരണ്ട; വന്നാൽ അഞ്ചു വർഷം തടവ്
Sunday, May 2, 2021 12:11 AM IST
സിഡ്നി: ഇന്ത്യയിലുള്ള പൗരന്മാർ മടങ്ങിവരുന്നതിന് നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയ. നിരോധനം വകവയ്ക്കാതെ എത്തിയാൽ അഞ്ചു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം. ഓസ്ട്രേലിയയിൽ താമസാനുമതി ഉള്ളവർക്കും ഇതു ബാധകമാണ്. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന നിരോധനം 15 വരെ തുടരുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത നടപടിക്ക് ഓസ്ട്രേലിയ തയാറായിരിക്കുന്നത്.
ഓസ്ട്രേലിയ ഇതാദ്യമായിട്ടാണ് സ്വന്തം പൗരന്മാർ രാജ്യത്തെത്തുന്നത് ക്രിമിനൽകുറ്റമാക്കുന്നത്. 15നു ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.
അതേസമയം, ഓസ്ട്രേലിയയുടെ നടപടിക്കെതിരേ വിമർശനം ശക്തമാണ്. യുഎസിലും യൂറോപ്പിലും കോവിഡ് വ്യാപനം രൂക്ഷമായിരുന്നപ്പോൾ ഇത്തരമൊരു നടപടിക്ക് ഓസ്ട്രേലിയ തയാറായിരുന്നില്ല. ചിലരോടു മാത്രമുള്ള വിവേചനമല്ലേ ഇതെന്ന ചോദ്യമുയരുന്നു. ഇത്തരം നിരോധനങ്ങൾക്കു പകരം ക്വാറന്റൈൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഓസ്ട്രേലിയ ചെയ്യേണ്ടതെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു.
ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഓസ്ട്രേലിയ ചൊവ്വാഴ്ച നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒന്പതിനായിരത്തോളം ഓസ്ട്രേലിയക്കാരാണ് ഇതുമൂലം ഇന്ത്യയിൽ കുടുങ്ങിയത്. അതേസമയം, ഐപിഎലി നെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളിൽ ചിലർ ദോഹവഴി രാജ്യത്തു തിരിച്ചെത്തി. മുൻനിര താരങ്ങളും പരിശീലകരുമടക്കം ഇരുപതോളം ഓസ്ട്രേലിയക്കാർ ഐപിഎൽ ക്രിക്കറ്റിനായി ഇപ്പോൾ ഇന്ത്യയിലുണ്ട്.