മ്യാൻമർ പ്രതിഷേധത്തിനിടെ വെടിയേറ്റ യുവതി മരിച്ചു
Saturday, February 20, 2021 12:20 AM IST
യാങ്കോൺ: പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാൻമറിൽ ജനാധിപത്യവാദികളുടെ പ്രതിഷേധത്തിനുനേരേ പോലീസ് നടത്തിയ വെടിവയ്പിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.
നായ്പിഡോയിൽ ഫെബ്രുവരി ഒന്‍പതിന് നടന്ന പ്രതിഷേധത്തിനിടെ തലയ്ക്കു വെടിയേറ്റ പത്തൊന്‍പതുകാരിയായ മയ തേറ്റയാണു വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചത്. ജലപീരങ്കയിൽനിന്ന് അഭയംതേടി മാറിനിൽക്കുന്നതിനിടെ ഇവർ ധരിച്ചിരിക്കുന്ന, മോട്ടോർ സൈക്കിൾ ഹെൽമെറ്റ് തുളച്ച് വെടിയുണ്ട തറയ്ക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. മ്യാൻമറിൽ പട്ടാളം ഭരണം പിടിച്ചെടുത്ത ഫെബ്രുവരി ഒന്നിനുശേഷം നടക്കുന്ന പ്രതിഷേധത്തിലെ ആദ്യമരണമാണിത്.
ഫെബ്രുവരി ഒന്നിന് ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയെയും പ്രസിഡന്റ് വിൻമിന്റെയും തടങ്കലിലാക്കി പട്ടാളം ഭരണം പിടിച്ചെടുക്കുകയായിരുന്നു.