മലേഷ്യയിൽ അടിയന്തരാവസ്ഥ; പ്രധാനമന്ത്രി മുഹിയുദ്ദീന് ആശ്വാസം
Tuesday, January 12, 2021 11:54 PM IST
ക്വാലാലംപുർ: മലേഷ്യയിൽ കോവിഡ് പടരുന്നതു തടയാൻ ഓഗസ്റ്റ് വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇക്കാലയളവിലേക്കു പാർലമെന്റും സംസ്ഥാന നിയമസഭകളും സസ്പെൻഡ് ചെയ്തു.
പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസിന്റെ സർക്കാർ വീഴാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണു സുൽത്താൻ അബ്ദുള്ള സുൽത്താൻ അഹമ്മദ് ഷാ അടിയന്തരാവസ്ഥയ്ക്കു സമ്മതം മൂളിയത്.
ഭരണസഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയായ യുണൈറ്റഡ് മലയ്സ് നാഷണൽ ഓർഗനൈസേഷൻ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്നു ഭീഷണി മുഴക്കിയിരുന്നു. അടിയന്തരാവസ്ഥ പ്രാബല്യത്തിലായെങ്കിലും മുഹിയുദ്ദീന്റെ ഭരണം തുടരും.
മലേഷ്യയിൽ ഇതിനുമുന്പ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് 1969ൽ നൂറുകണക്കിനു പേർ വംശീയകലാപത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്.
മലേഷ്യയിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്നു മാസം മുന്പ് 15,000 ആയിരുന്നത് 1.41 ലക്ഷമായി മാറി. ഇന്നലെവരെ 559 പേർ മരിച്ചു.