ഡഗ്ലസ് സ്റ്റുവർട്ടിനു ബുക്കർ സമ്മാനം
Saturday, November 21, 2020 1:55 AM IST
ലണ്ടൻ: ബാല്യകാലത്തെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ചാലിച്ചെഴുതിയ ‘ഷഗ്ഗി ബെയ്ൻ’ എന്ന നോവലിലൂടെ ഡഗ്ലസ് സ്റ്റുവർട്ട്(44) ഈ വർഷത്തെ ബുക്കർ സമ്മാ നത്തിന് (50,000 പൗണ്ട്)അർഹനായി. ന്യൂയോർക്കിൽ താമസിക്കുന്ന സ്കോട്ടിഷ് വംശജനായ ഇദ്ദേഹത്തിന്റെ ആദ്യ രചനയാണിത്. ആഗ്നസ് ബെയ്ൻ എന്ന മദ്യാസക്തയും അവരുടെ ഏറ്റവും ഇളയ മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഈ നോവൽ ക്ലാസിക്കായി മാറുമെന്നു ജൂറി അധ്യക്ഷ മാർഗരറ്റ് ബസ്ബി അഭിപ്രായപ്പെട്ടു.
തനിക്കു പതിനാറു വയസുള്ളപ്പോൾ അമിത മദ്യാസക്തിമൂലം മരിച്ച അമ്മയ്ക്കാണ്, ആത്മകഥാംശമുള്ള ഈ നോവൽ ഡഗ്ലസ് സമർപ്പിച്ചിരിക്കുന്നത്. നോവൽ രചന തന്റെ മുറിവുകൾ ഉണക്കുന്ന അനുഭവമായിരുന്നു എന്ന് അദ്ദേഹം പുരസ്കാരം ലഭിച്ചതിൽ നന്ദി പ്രകാശിപ്പിച്ചു പറഞ്ഞു.
ലണ്ടനിലെ റോയൽ കോളജ് ഓഫ് ആർട്ടിൽനിന്നു ബിരുദം നേടിയശേഷം ന്യൂയോർക്കിലെത്തിയ ഡഗ്ലസ്, ഫാഷൻ ഡിസൈനിംഗ് കരിയറാണു തെരഞ്ഞെടുത്തത്. കാൽവിൻ ക്ലെയിൻ, റാൽഫ് ലോറൻ, ഗാപ് തുടങ്ങിയ ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ 44 വയസുള്ള ഡഗ്ലസ് പത്തു വർഷം മുന്പാണ് നോവൽ രചന തുടങ്ങിയത്. 30 പ്രസാധകർ നിരസിച്ച നോവൽ അവസാനം അമേരിക്കയിൽ ഗ്രോവ് അറ്റ്ലാന്റിക്കും ബ്രിട്ടനിൽ പികാഡോറുമാണു പുറത്തിറക്കാൻ തയാറായത്.
വായനക്കാരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിയുന്ന നോവലാണിതെന്നു ജൂറി പറഞ്ഞു. പേടിപ്പിക്കുന്ന, ജീവിതം തന്നെ മാറ്റിമറിക്കുന്ന നോവൽ.
ദുബായിൽ താസമിക്കുന്ന ഇന്ത്യൻ വംശജ അവ്നി ദോഷിയുടെ ‘ബേൺഡ് ഷുഗർ’ അടക്കം ആറു പുസ്തകങ്ങളാണ് ഈ വർഷത്തെ ബുക്കറിനു പരിഗണിക്കപ്പെട്ടത്. ബുക്കർ നേടുന്ന രണ്ടാമത്തെ സ്കോട്ടിഷ് വംശജനാണ് ഇദ്ദേഹം. 1994 ലെ വിജയി ജയിംസ് കെൽമാൻ(ഹൗ ലേറ്റ് ഇറ്റ് വാസ്, ഹൗ ലേറ്റ്) ആണ് ആദ്യത്തെയാൾ.