ഇന്ത്യയിൽ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ കമ്മീഷൻ
Tuesday, October 20, 2020 11:37 PM IST
ജനീവ: ഇന്ത്യയിൽ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിലും സന്നദ്ധ സംഘടനകൾക്കുള്ള വിദേശസഹായത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിലും ആശങ്ക അറിയിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷെൽ ബാഷെലെ.
മനുഷ്യാവകാശ പ്രവർത്തകരുടെയും സന്നദ്ധസംഘടനകളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റിനോട് അവർ അഭ്യർഥിച്ചു. ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണു മിഷേൽ ബാഷെലെയുടെ പ്രതികരണം.
എൺപത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണു രാജ്യമെങ്ങും അലയടിച്ചത്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) ഭേദഗതി ഒരു സംഘടനയെയും ഉദ്ദേശിച്ചല്ലെന്നും സുതാര്യത ഉറപ്പുവരുത്താനാണെന്നുമാണു കേന്ദ്ര സർക്കാരിന്റെ വിശദീകരണം.