രാജ്കപൂറിന്റെ വീട് പൗൈതൃകമന്ദിരമാക്കുന്നു
Monday, September 28, 2020 12:41 AM IST
പെഷവാർ: ബോളിവുഡിലെ ഇതിഹാസതാരങ്ങളായ രാജ്കപൂറിന്റെയും ദിലീപ് കുമാറിന്റെയും കുടുംബവീടുകൾ പൈതൃകഭവനങ്ങളാക്കാൻ പാക്കിസ്ഥാനിലെ ഖൈബർ-പക്തുൺഖ്വ സർക്കാരിന്റെ തീരുമാനം. ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലുള്ള കെട്ടിടങ്ങൾ വാങ്ങുന്നതിനുള്ള തുക ഖൈബർ പക്തൂൺഖ്വയിലെ പുരാവസ്തു വകുപ്പ് അനുവദിച്ചുകഴിഞ്ഞു. പെഷവാർ നഗരത്തിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ പൈതൃകസ്മാരകങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.
പെഷവാറിലെ ചരിത്രമുറങ്ങുന്ന ക്വിസ ഖവാനി ബസാറിലാണ് രാജ് കപൂറിന്റെ കുടുംബഭവനം. 1918നും 22നും ഇടയിൽ രാജ്കപൂറിന്റെ മുത്തച്ഛൻ ബശേശ്വർനാഥ് കപൂറാണ് കെട്ടിടം നിർമിച്ചത്. രാജ്കപൂറും അമ്മാവൻ ത്രിലോക് കപൂറും ജനിച്ചത് ഇവിടെയാണ്.
2014ൽ പാക്കിസ്ഥാനിലെ നവാസ് ഷരീഫ് ഭരണകൂടം കെട്ടിടം പുരാവസ്തു സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. വ്യാപരസമുച്ചയം നിർമിക്കുന്നതിനായി കെട്ടിടം പൊളിച്ചുകളയാൻ ഇപ്പോഴത്തെ ഉടമസ്ഥർ പലതവണ ശ്രമിച്ചിരുന്നതായി ഖൈബർ-പക്തുൺഖ്വ പുരാവസ്തുവകുപ്പ് തലവൻ ഡോ.അബ്ദുസ് സമദ് ഖാൻ പറഞ്ഞു.