മതനിന്ദാ നിയമം മാറ്റണമെന്ന് ആസിയാ ബീബി
Wednesday, September 9, 2020 11:31 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ മതനിന്ദാനിയമം മാറ്റി, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആസിയാ ബീബി പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. അന്തർദേശീയ കത്തോലിക്കാ സംഘടനയായ ‘ചർച്ച് ഇൻ നീഡു’മായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മതനിന്ദാനിയമത്തിന്റെ പിൻബലത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയാ ബീബി അന്തർദേശീയ സമ്മർദത്തെത്തുടർന്ന് ജയിൽമോചിതയായി ഇപ്പോൾ കാനഡയിലാണുള്ളത്.
ബന്ദികളാക്കപ്പെട്ട്, മതം മാറ്റി, നിർബന്ധിത വിവാഹത്തിനു പ്രേരിപ്പിക്കപ്പെടുന്ന നിരവധി പെൺകുട്ടികളെക്കുറിച്ച് ആസിയാബീബി സൂചിപ്പിച്ചു.
മതനിന്ദാനിയമത്തിലെ ദൈവദൂഷണക്കുറ്റം ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ പാക്കിസ്ഥാനിൽ വേട്ടയാടുകയാണ്. ഈ നിയമം ഉപയോഗിച്ചാണ് 2009 മുതൽ 2018 വരെ ആസിയാബീബിയെ ജയിലിൽ അടച്ചത്. ഈ വകുപ്പ് ദുരുപയോഗിക്കപ്പെടുന്നതായി ആസിയാ ബീബി ചൂണ്ടിക്കാട്ടി.
“ഈ നിയമത്തിന്റെ ഇരയായതിനാൽ എന്റെ സ്വന്തം അനുഭവത്തിൽനിന്നാണു ഞാൻ പറയുന്നത്. ഞാൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. കഷ്ടതരമായ അനുഭവങ്ങളിലൂടെ കടന്നുപോയി. ഇപ്പോൾ ഞാൻ സ്വതന്ത്രയാണ്. ഏതു വിധത്തിലുള്ള ദുരുപയോഗവും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഈ നിയമം മാറ്റുകതന്നെ വേണം.’’- അവർ പറഞ്ഞു.