ശ്രീലങ്കയിൽ നീട്ടിവച്ച പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്
Wednesday, August 5, 2020 12:26 AM IST
കൊളംബോ: ശ്രീലങ്കയിൽ രണ്ടുപ്രാവിശ്യം നീട്ടിവച്ച പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭരണത്തിൽ രജപക്സെ കുടുംബത്തിന്റെ സ്വാധീനം ശക്തമാക്കുന്നതായിരിക്കും തെരഞ്ഞെടുപ്പുഫലമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
പ്രസിഡന്റ് ഗോട്ടാഭയ രജപക്സെയും പ്രധാനമന്ത്രി മഹിന്ദ രജപക്സെയും നേതൃത്വം നല്കുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി(എസ്എൽപിപി) വൻ വിജയം നേടുമെന്നാണ് അനുമാനം.
മഹിന്ദ, അദ്ദേഹത്തിന്റെ മൂത്ത മകൻ നാമൽ, മഹിന്ദയുടെ മൂത്ത സഹോദരൻ ചമാൽ, മഹീന്ദയുടെ അനന്ദിരവന്മാരായ ശശീന്ദ്ര, നിപുണ രണവാകെ എന്നിങ്ങനെ അഞ്ചുപേരാണ് രജപക്സെ കുടുംബത്തിൽനിന്ന് മത്സരിക്കുന്നത്.
225 അംഗ പാർലമെന്റിലെ 196 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. 29 സീറ്റുകൾ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്കു വീതിച്ചു നല്കും. മൂന്നിൽ രണ്ടു ഭൂരിപക്ഷം എസ്എൽപിപിക്കു ലഭിച്ചാൽ, പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമതപ്പെടുത്തിയ ഭരണഘടനാ ഭേദഗതി തിരുത്താൻ ഗോട്ടാഭയയ്ക്കു കഴിയും.