ചൈനയെ ആശ്രയിക്കുന്നത് നിർത്തണമെന്ന് ഹേലി
Thursday, May 21, 2020 12:00 AM IST
വാഷിംഗ്ടൺ ഡിസി: തുറന്ന കന്പോള വ്യവസ്ഥയുടെ സൗകര്യങ്ങൾ ദുരുപയോഗിച്ച ചൈനയെ ദൂരെയകറ്റി നിർത്തണമെന്നു റിപ്പബ്ളിക്കൻ നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി. അവശ്യമരുന്നുകൾ മുതൽ സുരക്ഷയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന സെമി കണ്ടക്ടേഴ്സ് വരെയുള്ള സാധനങ്ങൾ ചൈനയിൽനിന്നു വാങ്ങുന്നത് നിർത്തണം. അമേരിക്കയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളെ വേണം ഇനി ഇക്കാര്യത്തിൽ ആശ്രയിക്കാനെന്ന് അവർ ഒാൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനോട് സ്വീകരിച്ചതിനു സമാനമായ നിലപാടാവണം ചൈനയോട് സ്വീകരിക്കേണ്ടതെന്നും ഹേലി അഭിപ്രായപ്പെട്ടു. അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഉത്പന്നവിതരണമേഖലയിൽ തങ്ങളുടെ ആശ്രിതരാക്കി നിലനിർത്താനാണു ചൈനയുടെ പദ്ധതി. തങ്ങളുടെ ചൊൽപ്പടിയിൽ നിൽക്കുന്ന ലോകക്രമം നടപ്പാക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമത്തിന് അമേരിക്ക ഉചിതമായ മറുപടി നൽകണമെന്നും ഹേലി നിർദേശിച്ചു.