ബ്രിട്ടനില്‍ കോവിഡ് ഭേദമായത് 135 പേര്‍ക്ക്
Thursday, March 26, 2020 11:58 PM IST
ലണ്ടന്‍: യു കെ യില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച പതിനായിരത്തോളം ആളുകളില്‍ 135 പേര് പൂർണമായി സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ മലയാളി യുവതിയും കുഞ്ഞും നേരത്തെ രോഗബാധിതരായ മൂന്നു മലയാളികളും സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ചാള്‍സ് രാജകുമാരന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് ഒദ്യോഗിക വിശദീകരണം.
കഴിഞ്ഞ പന്ത്രണ്ടിനാണ് എലിസബത്ത് രാജ്ഞിയുമായി ചാള്‍സ് രാജകുമാരന് അവസാനമായി കൂടിക്കാഴ്ച നടത്തിയതെന്നും രാജ്ഞി പൂര്‍ണ ആരോഗ്യവതിയാണെന്നും കൊട്ടാരത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. മുമ്പ് എന്തെങ്കിലും അസുഖ ബാധ ഉണ്ടായിരുന്നവരിലും പ്രായമായവരിലും ആയിരുന്നു രോഗബാധ സ്ഥിരീകരിക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നതെങ്കില്‍ ഇക്കഴിഞ്ഞ ദിവസം പൂര്‍ണ ആരോഗ്യവതിയായിരുന്ന 21 വയസുകാരിയായ യുവതിക്ക് മരണം സംഭവിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. യുവജനങ്ങള്‍ സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.
രാജ്യത്ത് രോഗബാധയുടെ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്ത ലണ്ടന്‍ നഗരത്തിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ തീര്‍ന്നു തുടങ്ങിയതായും "സുനാമി'ക്കു സമാനമായ അവസ്ഥയാണുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചില ആശുപത്രികളില്‍ അമ്പതു ശതമാനത്തോളം ജീവനക്കാര്‍ രോഗാവസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്നില്ല. അല്ലെങ്കില്‍ അവര്‍ വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. ഇതും ആശുപതികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു.
ഷൈമോന്‍ തോട്ടുങ്കല്‍