കംപ്യൂട്ടർ പ്രോഗ്രാമറായ പതിനഞ്ചുകാരനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തും
Monday, February 24, 2020 12:00 AM IST
വത്തിക്കാൻ സിറ്റി: ലണ്ടനിൽ ജനിച്ച് ഇറ്റലിയിൽ 2006ൽ അന്തരിച്ച പതിനഞ്ചു വയസുകാരനായ കംപ്യൂട്ടർ പ്രോഗ്രാമർ കാർലോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ അദ്ഭുതം വത്തിക്കാൻ അംഗീകരിച്ചു.
കാർലോയുടെ മധ്യസ്ഥത തേടി പ്രാർഥിച്ചതിനെത്തുടർന്ന് ജന്മനാ പാൻക്രിയാസിന് തകരാറുള്ള ബ്രസീൽ സ്വദേശിയായ കുട്ടിയുടെ രോഗം ഭേദമായി. മെഡിക്കൽ ബോർഡ് സുഖപ്രാപ്തി നവംബറിൽ സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം സമർപ്പിച്ച രേഖകൾ വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഇറ്റലിയിലെ അസീസിയിൽ നടത്തും. അസീസി നഗരത്തിലെ സെന്റ് മേരി മേജർ ദേവാലയത്തിലാണ് ഭൗതികദേഹം അടക്കം ചെയ്തിട്ടുള്ളത്. കാർലോയുടെ ശരീരം ജീർണിച്ചിട്ടില്ലെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ലോകമെങ്ങും നടന്നിട്ടുള്ള ദിവ്യകാരുണ്യ അദ്ഭുതങ്ങൾ കാറ്റലോഗ് ചെയ്യുന്നതിൽ കാർലോ കൈവരിച്ച നേട്ടം ഏറെ പ്രശംസിക്കപ്പെട്ടു. ദിവ്യകാരുണ്യത്തിന്റെയും പരിശുദ്ധ അമ്മയുടെയും പ്രത്യേക ഭക്തനായിരുന്ന കാർലോ പതിനൊന്നാം വയസിൽ തന്നെ ദിവ്യകാരുണ്യ അദ്ഭുതങ്ങൾ പഠിച്ചുതുടങ്ങി. രക്താർബുദം ബാധിച്ച് മരിക്കുന്നതിന് ഏതാനും മാസം മുന്പ് സ്വന്തമായി തയാറാക്കിയ വെബ്സൈറ്റിൽ ഇവയെല്ലാം കാറ്റ്ലോഗ് ചെയ്തു.
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാർലോയുടെ ജനനം. ഇറ്റലിക്കാരായ മാതാപിതാക്കൾ താമസിയാതെ മിലാനിലേക്കു മടങ്ങി. ഇറ്റലിയിലെ മൊൺസായിൽ 2006 ഒക്ടോബർ പന്ത്രണ്ടിനായിരുന്നു മരണം. 2018ൽ ധന്യനായി ഉയർത്തപ്പെട്ടു.
പ്രതിദിന ദിവ്യബലിയിലും ജപമാലയിലും ഭക്തിപൂർവം പങ്കെടുക്കുകയും ആഴ്ചതോറും കുന്പസാരിക്കുകയും ചെയ്യുന്ന കാർലോ ക്രിസ്തുവിൽ കേന്ദ്രീകൃതമായ ജീവിതമാണു നയിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ മാതാവ് അന്റോണിയോ സൽസാന പറഞ്ഞു.