മുൻ ബംഗ്ലാ പോലീസ് ഓഫീസർമാർക്കു വധശിക്ഷ
Monday, January 20, 2020 11:34 PM IST
ധാക്ക: 1988ൽ അന്നു പ്രതിപക്ഷ നേതാവായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ വാഹനവ്യൂഹത്തിനു നേർക്കു വെടിവയ്പു നടത്തുകയും 24 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ അഞ്ചു മുൻ പോലീസ് ഓഫീസർമാർക്ക് ചിറ്റഗോംഗ് കോടതി വധശിക്ഷ വിധിച്ചു. 53 സാക്ഷികൾ കോടതിയിൽ മൊഴി നൽകി.
സെഷൻസ് ജഡ്ജി ഇസ്മയിൽ ഹൂസൈൻ വിധി വായിക്കുന്പോൾ നാലു പ്രതികൾ കോടതിയിൽ ഹാജരായിരുന്നു. ഒരു പ്രതി ഒളിവിലാണ്. 1988 ജനുവരി 24നാണ് വെടിവയ്പു നടന്നത്. അന്നത്തെ സൈനിക ഏകാധിപതി എച്ച് .എം. എർഷാദിന്റെ ഭരണകൂടത്തിനെതിരേ അവാമി ലീഗ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കുന്പോഴാണ് ഹസീനയുടെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം നടന്നത്. ഹസീന കഷ്ടിച്ചു രക്ഷപ്പെട്ടു.