ഹിറ്റ്ലർ ജനിച്ച വീട് ഇനി പോലീസ് ആസ്ഥാനം
Thursday, November 21, 2019 12:25 AM IST
വിയന്ന: നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് പോലീസിന്റെ മേഖലാ ആസ്ഥാനമാക്കാൻ ഓസ്ട്രിയൻ സർക്കാർ തീരുമാനിച്ചു. ഹിറ്റ്ലറുടെ ജന്മസ്ഥലം നവനാസികൾ സ്മാരകമാക്കുന്നതു തടയാനാണിത്.
ജർമൻ അതിർത്തിക്കു സമീപമുള്ള ബ്രൗനാവു ആം ഇന്നിലെ അപ്പാർട്ടുമെന്റിന്റെ മുകളിലത്തെ നിലയിലാണു ഹിറ്റ്ലർ കുടുംബം താമസിച്ചിരുന്നത്. ഇവിടെ 1889ലായിരുന്നു ഹിറ്റ്ലറുടെ ജനനം.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഈ കെട്ടിടം ലൈബ്രറിയായും ടെക്നിക്കൽ സ്കൂളായും ഉപയോഗിച്ചുവന്നു. 2017ൽ 897,600ഡോളർ നൽകിയാണ് കെട്ടിടം ഓസ്ട്രിയൻ സർക്കാർ ഏറ്റെടുത്തത്. കെട്ടിടത്തിനു രൂപമാറ്റം വരുത്തുമെന്നും ഇതിനായി ശില്പികളിൽനിന്ന് രൂപമാതൃകകൾ ക്ഷണിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.