കാനഡയിൽ ന്യൂനപക്ഷ സർക്കാരിനു ട്രൂഡോ
Tuesday, October 22, 2019 11:56 PM IST
ഒട്ടാവ: കനേഡിയൻ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഷ്ടിച്ച് അധികാരം നിലനിർത്തി. അദ്ദേഹത്തിന്റെ ലിബറൽ പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
338 അംഗ പാർലമെന്റിൽ ലിബറലുകൾ 157 സീറ്റുകൾ നേടി. പ്രധാന എതിരാളികളായ കൺസർവേറ്റീവുകൾക്ക് 121 സീറ്റുകൾ ലഭിച്ചു. ഭരിക്കാൻ 170 സീറ്റാണു വേണ്ടത്. ട്രൂഡോയ്ക്ക് ചെറുകക്ഷികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാനാകും. പക്ഷേ, പാർലമെന്റിൽ വിശ്വാസം തെളിയിക്കേണ്ടിവരും.
മുൻ അധ്യാപകൻ കൂടിയായ ട്രൂഡോ(47)യുടെ പ്രഭാവം മങ്ങിയെന്നാണ് തെരഞ്ഞെടുപ്പുഫലങ്ങൾ വ്യക്തമാക്കുന്നത്. നാലുവർഷ ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ ഉയർന്നുവന്ന എസ്എൻസി-ലാവലിൻ അഴിമതിക്കേസ് അടക്കമുള്ളവ ട്രൂഡോ സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കോട്ടം സൃഷ്ടിച്ചു.
പ്രതിപക്ഷ കൺസർവേറ്റീവുകളെ നയിച്ച ആൻഡ്രൂ ഷീറിനും കനേഡിയൻ ജനതയുടെ വിശ്വാസം ആർജിക്കാനായില്ല.
ചെറു കക്ഷികളിൽ ബ്ലോക് ക്യുബെക്കോയിസിന് 32 സീറ്റുകൾ ലഭിച്ചു. ഇന്ത്യൻ വംശജനായ ജഗ്മീത് സിംഗ് നേതൃത്വം നൽകുന്ന ന്യൂഡെമോക്രാറ്റിക് പാർട്ടി(എൻഡിപി)ക്ക് 24 സീറ്റുണ്ട്. മന്ത്രിസഭ രൂപീകരിക്കാൻ 13 പേരുടെ പിന്തുണ കൂടി വേണ്ട ട്രൂഡോയെ സഹായിക്കാൻ സിംഗിനു സാധിക്കും. അതേസമയം, കഴിഞ്ഞതവണത്തേക്കാൾ അന്പതുശതമാനം സീറ്റ് ഇപ്രാവശ്യം ന്യൂഡെമോക്രാറ്റിക് പാർട്ടിക്കു കുറഞ്ഞു.
ഭിന്നതയ്ക്ക് എതിരേയുള്ള വോട്ടാണിതെന്ന് മോൺട്രീലിൽ അനുയായികളെ അഭിസംബോധന ചെയ്ത് ട്രൂഡോ പറഞ്ഞു. എല്ലാ കാനഡക്കാർക്കും വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തെരഞ്ഞെടുപ്പു വിജയത്തിൽ ട്രൂഡോയെ യുഎസ് പ്രസിഡന്റ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസനും അഭിനന്ദിച്ചു.