രണ്ടു ലക്ഷം രോഹിംഗ്യകൾ പ്രകടനം നടത്തി
Monday, August 26, 2019 12:18 AM IST
ധാക്ക: സൈന്യത്തിന്റെ പീഡനത്തെത്തുടർന്ന് മ്യാൻമറിലെ റാക്കൈൻ സംസ്ഥാനത്തുനിന്ന് ബംഗ്ലാദേശിലേക്കു പലായനം ചെയ്ത രോഹിംഗ്യൻ മുസ്ലിംകൾ ഇന്നലെ ഒരു അഭയാർഥി ക്യാന്പ് മേഖലയിൽ പ്രകടനം നടത്തി. പലായനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രകടനത്തിൽ രണ്ടു ലക്ഷം പേർ പങ്കെടുത്തെന്നാണു കരുതുന്നത്. 2017 ഓഗസ്റ്റിൽ ഏഴരലക്ഷത്തോളം രോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
ഇന്നലത്തെ പ്രകടനത്തിൽ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു. രോഹിംഗ്യകളുടെ രോദനത്തിനു ലോകം ചെവി കൊടുക്കുന്നില്ലെന്ന ജനപ്രിയ ഗാനത്തിന്റെ ശീലുകൾ ആലപിച്ചുകൊണ്ടാണു പലരും മുന്നോട്ടു നീങ്ങിയത്.
റാക്കൈനിൽ ഞങ്ങളുടെ ആളുകൾ കൊല്ലപ്പെടുകയും മർദിക്കപ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. എന്നാലും തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു-രോഹിംഗ്യ നേതാവ് മൊഹിബ് ഉല്ലാ പറഞ്ഞു. മ്യാൻമർ പൗരത്വം നൽകുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്താലേ തിരിച്ചുപോകൂയെന്നും അദ്ദേഹം വ്യക്തമാക്കി.രോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്ന കുത്പലോംഗ് പുനരധിവാസ ക്യാന്പിൽ ഇന്നലെ സുരക്ഷ ശക്തമാക്കിയിരുന്നു. നൂറുകണക്കിനു പോലീസുകാരെയും അതിർത്തി ഗാർഡുകളെയും സൈനികരെയും പ്രദേശത്തു വിന്യസിച്ചതായി പോലീസ് ചീഫ് അബുൾ മൺസൂർ പറഞ്ഞു.