കോടതി ഇടപെട്ടു; ദയാവധത്തിൽനിന്ന് ലാംബെർട്ട് രക്ഷപ്പെട്ടു
Thursday, May 23, 2019 12:10 AM IST
പാരീസ്: പത്തുവർഷത്തിലധികമായി അബോധാവസ്ഥയിൽ കഴിയുന്ന ഫ്രഞ്ചുകാരൻ വിൻസെന്റ് ലാംബർട്ടിന്റെ ജീവൻ നിലനിർത്താനുള്ള കോടതിയുത്തരവിൽ ആശ്വാസം കണ്ടെത്തി മാതാപിതാക്കൾ.
നാല്പത്തിരണ്ടുകാരനായ വിന്‍സെന്റ് 2008ലെ വാഹനാപകടത്തിലാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തിന്റെ ജീവൻ ഏതുവിധേനയും നിലനിർത്തണമെന്നാണ് കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കളുടെ ആവശ്യം.
എന്നാൽ വിൻസെന്റിന്റെ സഹോദരങ്ങളും ഭാര്യയും ഇനിയും അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കേണ്ടതില്ലെന്ന പക്ഷക്കാരാണ്. ദയാവധത്തിനുള്ള ഒരുക്കങ്ങളും അവർ തുടങ്ങിവച്ചു. ഭക്ഷണവും ജലവും എത്തിക്കുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യാൻ കോടതിയിൽനിന്ന് ഉത്തരവും നേടി. ഇതനുസരിച്ച് ഡോക്ടർമാർ നടപടിയെടുത്തു.
മണിക്കൂറുകൾക്കകം പാരീസിലെ അപ്പീൽ കോടതി ജീവൻ നിലനിർത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതാണ് മാതാപിതാക്കൾക്ക് ആശ്വാസമായത്. വിൻസെന്റിനെ ജീവിക്കാൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും ആവശ്യപ്പെട്ടു. ജീവൻ ദൈവത്തിന്റെ ദാനമാണെന്നും അതു സംരക്ഷിക്കണമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.