ആക്രമണത്തിനുശേഷം അഞ്ചു രാജ്യങ്ങളെ വിശദാംശങ്ങളറിയിച്ച് ഇന്ത്യ
Thursday, May 8, 2025 5:18 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയതിനു ശേഷം ഇന്ത്യ ഓപറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ അഞ്ചു രാജ്യങ്ങളെ ധരിപ്പിച്ചു.
ആഗോള നയതന്ത്ര ചിത്രത്തിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും സ്വാധീനിക്കാൻ കഴിയുന്ന അമേരിക്ക, റഷ്യ, യുകെ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെയാണ് ഉന്നത ഉദ്യോഗസ്ഥരിലൂടെ ആക്രമണത്തിന്റെ വിശദാംശങ്ങൾ ഇന്ത്യ അറിയിച്ചത്. പഹൽഗാമിൽ ഭീകരാക്രമണമുണ്ടായതിനു ശേഷം അഞ്ചു രാജ്യങ്ങളിലെ പ്രധാന നേതാക്കന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെട്ടിരുന്നു. സൈനിക ശക്തിയിലും സ്വാധീനശക്തിയിലും മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളെ വിവരങ്ങൾ ഉടനടി ധരിപ്പിച്ചതിലൂടെ ലോകരാജ്യങ്ങളോട് നിലപാട് വ്യക്തമാക്കാനും ഇന്ത്യക്കു കഴിഞ്ഞു.
ഓപറേഷൻ സിന്ദൂരിനു പിന്നാലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. അദ്ദേഹത്തെ ആക്രമണത്തിന്റെ വിശദാംശങ്ങൾ അറിയിച്ചു. ഇന്ത്യ-പാക്കിസ്ഥാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്നം എത്രയും പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാർക്കോ റൂബിയോ അജിത് ഡോവലുമായുള്ള സംഭാഷണത്തിന് ശേഷം പ്രതികരിച്ചു.
സമാധാനപരമായ ഒരു പരിഹാരത്തിന് ഇരുരാജ്യങ്ങളുടെ നേതൃത്വവുമായി ചർച്ചകൾ തുടരുമെന്ന് റൂബിയോ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൽ വളരെയധികം ആശങ്കയുണ്ടെന്നായിരുന്നു റഷ്യയുടെ ഔദ്യോഗിക പ്രതികരണം. 1972ലെ ഷിംല കരാറിലെയും 1999ലെ ലാഹോർ പ്രഖ്യാപനത്തിലെയും വ്യവസ്ഥകൾക്കനുസൃതമായി ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉഭയകക്ഷി അടിസ്ഥാനത്തിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾ ഗുരുതരമായ ആശങ്കയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കാനും നേരിട്ടുള്ള സംഭാഷണത്തിലൂടെ വേഗത്തിലുള്ളതും നയതന്ത്രപരവുമായ ഒരു പരിഹാരം കണ്ടെത്തണമെന്നും ബ്രിട്ടനിലെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ബ്രിട്ടന് ഇരുരാജ്യങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും സംഘർഷം മൂർച്ഛിച്ചാൽ ആരും വിജയിക്കില്ലെന്നും യുകെയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ പാക്കിസ്ഥാൻ അധിഷ്ഠിത തീവ്രവാദികൾക്ക് പഹൽഗാം ഭീകരാക്രമണത്തിൽ കൃത്യമായ പങ്കുണ്ടെന്നാണ് അമേരിക്കയിലെ ഇന്ത്യൻ എംബസി ഓപറേഷൻ സിന്ദൂരിനു പിന്നാലെ പ്രസ്താവന ഇറക്കിയത്. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന വിശ്വാസയോഗ്യമായ തെളിവുകളും സാക്ഷികളുമുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
തീവ്രവാദികൾക്കെതിരേയും അവരെ പിന്തുണക്കുന്ന സംവിധാനത്തിനെതിരേയും പാക്കിസ്ഥാൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പക്ഷെ ആക്രമണം നടന്നു 14 ദിനരാത്രങ്ങൾ കടന്നു പോയിട്ടും പാക്കിസ്ഥാൻ തങ്ങളുടെ പങ്ക് നിഷേധിച്ചു ഇന്ത്യക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു .
ഇന്ത്യയുടെ തിരിച്ചടി കൃത്യവും ഉത്തരവാദിത്വപരവുമായിരുന്നെന്നും പാകിസ്ഥാനിലെ പൗരരെയും സന്പദ് മേഖലയെയും സൈനിക മേഖലയെയും ലക്ഷ്യം വച്ചിട്ടില്ലെന്നും വാഷിങ്ടണിലെ ഇന്ത്യൻ എംബസി പറയുന്നു.