ഐഎഎസ് ഉദ്യോഗസ്ഥന്റെ മരണം; ഉന്നത ഉദ്യോഗസ്ഥർക്കെതിരേ പരാതി നൽകി ഭാര്യ
Friday, October 10, 2025 2:45 AM IST
ചണ്ഡിഗഡ്: ഹരിയാനയിലെ മുതിര്‍ന്ന ഐഎഎസ് പോലീസ് ഉദ്യോഗസ്ഥന് വൈ. പുരണ്‍ കുമാര്‍ (52) സ്വയം വെടിവച്ചു ജീവനൊടുക്കിയതിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ പരാതി നല്കി ഭാര്യ.
മുതിർന്ന ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും ജാതീയ അധിക്ഷേപവുമാണ് പുരണ്‍ കുമാർ ജീവനൊടുക്കാൻ കാരണമെന്ന് പുരണ്‍ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് പി. കുമാര്‍ ആരോപിച്ചു.
“ഞാൻ മുഖ്യമന്ത്രി നായിബ് സൈനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം ജപ്പാനിലായിരിക്കുമ്പോഴാണ് ഭര്‍ത്താവ് ജീവനൊടുക്കിയത്. ജപ്പാനില്‍നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ഭര്‍ത്താവിന്റെ ലാപ്ടോപ്പ് ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പിന്റെ രണ്ടാമത്തെ പകര്‍പ്പ് കണ്ടെത്തി’’ - അംനീത് പറഞ്ഞു.
മദ്യവ്യാപാരിയുടെ പരാതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്റെ ഭര്‍ത്താവിന്റെ പേര് കൈക്കൂലി കേസില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും അംനീത് ആരോപിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുരണ്‍ കുമാറിനെ വീടിന്റെ ബേസ്മെന്റിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് പേജുള്ള ആത്മഹത്യക്കുറിപ്പ് ഇദേഹത്തിന്റെ ബാഗിൽനിന്നു പിന്നീട് കണ്ടെത്തിയിരുന്നു. പിതാവിനെ കാണാൻ ഉന്നത ഉദ്യോഗസ്ഥർ അവധി അനുവദിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പിൽ പുരണ്‍ കുമാർ പറഞ്ഞിരുന്നു.