ഗാസ സമാധാനക്കരാർ: സ്വാഗതം ചെയ്ത് മോദി
Friday, October 10, 2025 2:45 AM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലുള്ള ഗാസ സമാധാനക്കരാറിന്റെ ആദ്യഘട്ടത്തിൽ ഇസ്രയേലും ഹമാസും ധാരണയിലെത്തിയത് സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി.
കരാറിൽ ധാരണയിലെത്തിയത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണെന്ന് മോദി എക്സിൽ കുറിച്ചു.
ബന്ദികളുടെ മോചനവും ഗാസയിലെ ജനങ്ങൾക്കുള്ള മാനുഷികസഹായം വർധിപ്പിക്കുന്നതും അവർക്ക് താത്കാലിക ആശ്വാസം നൽകുമെന്നും ശാശ്വതസമാധാനത്തിന് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നതായി മോദി അറിയിച്ചിട്ടുണ്ട്.
കരാറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പിൽ മോദി നെതന്യാഹുവിനെ പ്രശംസിച്ചതിനെ കോണ്ഗ്രസ് വിമർശിച്ചു. പ്രധാനമന്ത്രി ഗാസയിലെ പുതിയ സംഭവവികാസങ്ങളെ സ്വാഗതം ചെയ്തതിലും ട്രംപിനെ വാഴ്ത്തിയതിലും അദ്ഭുതമൊന്നുമില്ലെന്നും കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
എന്നാൽ ഗാസയിൽ വംശഹത്യ അഴിച്ചുവിട്ട നെതന്യാഹുവിന് അനർഹമായ പ്രശംസ നൽകിയ മോദിയുടെ നടപടി ഞെട്ടിക്കുന്നതും നാണംകെടുത്തുന്നതുമാണെന്നും ധാർമികമായി ദാരുണമാണെന്നും ജയ്റാം പറഞ്ഞു.
ഇന്ത്യ 1988ൽതന്നെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുള്ള പലസ്തീന്റെ ഭാവിയെപ്പറ്റി മോദി പൂർണ മൗനം പാലിച്ചെന്നും അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തുന്ന കുടിയേറ്റങ്ങളുടെ വ്യാപനത്തെക്കുറിച്ച് മോദി ഒന്നും സംസാരിച്ചിട്ടില്ലെന്നും ജയ്റാം ചൂണ്ടിക്കാണിച്ചു.