പോക്സോ കേസിൽ യെദിയൂരപ്പയ്ക്കു തിരിച്ചടി
Saturday, February 8, 2025 1:41 AM IST
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ വിചാരണനടപടികളുമായി കീഴ്ക്കോടതിക്കു മുന്നോട്ടുപോകാമെന്നു കർണാടക ഹൈക്കോടതി.
പോക്സോ നിയമത്തിന്റെ എട്ട്, 354എ, 204, 214 എന്നീ വകുപ്പുകൾ പ്രകാരമാണ് യെദിയൂരപ്പയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും അന്തിമ റിപ്പോർട്ടും നിലനിൽക്കുമെന്നും കോടതി പറഞ്ഞു.
യെദിയൂരപ്പയുടെ സഹായികളായ മൂന്നു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 14നാണ് പതിനേഴുകാരിയുടെ അമ്മയുടെ പരാതി പ്രകാരം അദ്ദേഹത്തിനെതിരേ കേസെടുത്തത്.
ഫെബ്രുവരിയിൽ ഡോളേഴ്സ് കോളനിയിലെ വസതിയിൽവച്ച് മകളെ യെദിയൂരപ്പ പീഡിപ്പിച്ചുവെന്നാണു പരാതി. അന്പത്തിനാലുകാരിയായ പരാതിക്കാരി അർബുദത്തെത്തുടർന്ന് കഴിഞ്ഞ മേയിൽ മരിച്ചു.