മഹാരാഷ്ട്രയിലും കർണാടകയിലും എൻഐഎ റെയ്ഡ്
Sunday, December 10, 2023 1:48 AM IST
ന്യൂഡൽഹി: ഐഎസ് ഭീകരരെ ലക്ഷ്യമിട്ടു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മഹാരാഷ്ട്രയിലും കർണാടകയിലും നടത്തിയ റെയ്ഡിൽ 15 പേർ പിടിയിലായി.
ഭീകരസംഘടനയിൽ ചേരുന്ന പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുന്ന ദൗത്യമുള്ള സക്കിബ് നാച്ചൻ എന്നയാൾ ഉൾപ്പെടെയുള്ളവരെയാണു അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വക്താവ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ബോറിവിലി, താനെ, മിരാ റോഡ്, പൂന, കർണാടകയിലെ ബംഗളൂരു എന്നിവിടങ്ങളിലെ 44 കേന്ദ്രങ്ങളിൽ ഇന്നലെ രാവിലെയാണ് എൻഐഎയുടെ വിവിധ സംഘങ്ങൾ പരിശോധന നടത്തിയത്. പൂനയ്ക്കു സമീപം ഒരു സ്വയംപ്രഖ്യാപിത ഗ്രാമം വരെ ഭീകരർ സൃഷ്ടിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
ഭീകരപ്രവർത്തനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെല്ലാം. അനധികൃതമായി സൂക്ഷിച്ചിരുന്ന കറൻസികളും തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്മാർട്ട് ഫോണുകളും ഇവരിൽനിന്നു കണ്ടെത്തി.