തോൽവി പ്രതീക്ഷിച്ചിരുന്നില്ല; പരാജയം വിലയിരുത്തി കോണ്‍ഗ്രസ്
Sunday, December 10, 2023 1:33 AM IST
ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത പരാജയം വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം.
ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തോൽവി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.
സംസ്ഥാന നേതാക്കളുമായാണ് കേന്ദ്രനേതാക്കൾ പരാജയകാരണങ്ങൾ ചർച്ച ചെയ്ത്. ചർച്ചയിൽ സംസ്ഥാനങ്ങളിലെ നേതൃത്വത്തിനെതിരേ രൂക്ഷമായ വിമർശനമാണുയർന്നത്.
സംസ്ഥാന നേതാക്കളുടെ അലംഭാവം, ഏകോപനമില്ലായ്മ, ഐക്യമില്ലായ്മ, ബിജെപിയുടെ പ്രചാരണത്തെ നേരിടുന്നതിലെ പരാജയം, കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണു പരാജയത്തിന്റെ കാരണങ്ങളായി കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്.
മധ്യപ്രദേശിൽ പിസിസി അധ്യക്ഷൻ കമൽനാഥും മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗുമാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനായിരുന്നു ചുമതല.
ഛത്തീസ്ഗഡിൽനിന്നു ഭൂപേഷ് ബാഗേൽ ഉൾപ്പെടെ 11 നേതാക്കളാണ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തത്. 2018ൽ ബാഗേലിന്റെ നേതൃത്വത്തിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയാണു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 68 സീറ്റാണ് അന്നു ലഭിച്ചത്. പിന്നീട് ഉപതെരഞ്ഞെടുപ്പുകളിൽ കൂടി വിജയിച്ചതോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 71 ആയി ഉയർന്നു. അവിടെ നിന്നാണ് ഇപ്പോൾ കോണ്‍ഗ്രസ് 35 സീറ്റിലേക്ക് കൂപ്പുകുത്തിയത്.
രാജസ്ഥാനിൽ പാർട്ടിക്ക് ശക്തമായ വേരോട്ടമുണ്ടായിട്ടും കർണാടകയിലേതിനു സമാനമായ പ്രചാരണം സംഘടിപ്പിക്കാൻ നേതൃത്വത്തിനായില്ലെന്ന് യോഗത്തിൽ വിലയിരുത്തപ്പെട്ടു.
പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് ബൂത്തു തിരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന കോണ്‍ഗ്രസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.