മുഖ്യമന്ത്രിമാരെത്തേടി ബിജെപി ; കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു
Sunday, December 10, 2023 1:33 AM IST
ന്യൂഡൽഹി: ജയിച്ച സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാകാതെ കുഴയുന്നതിനിടെ കേന്ദ്ര നിരീക്ഷകരെ നിയോഗിച്ച് ബിജെപി.
മൂന്നു സംസ്ഥാനങ്ങളിൽനിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽനിന്ന് നിരീക്ഷകർ നിർദേശങ്ങൾ സ്വീകരിച്ചശേഷമായിരിക്കും മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽനിന്നു ജയിച്ച കേന്ദ്രമന്ത്രിമാരുടെയും മുൻ എംപിമാരുടെയും യോഗം കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്നിരുന്നു.
രാജസ്ഥാനിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിഗ്, സരോജ് പാണ്ഡെ എംപി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ. മധ്യപ്രദേശിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഒബിസി മോർച്ച ദേശീയ അധ്യക്ഷൻ കെ. ലക്ഷ്മണ്, ദേശീയ സെക്രട്ടറി ആശ ലാക്ഡ. ഛത്തീസ്ഗഡിൽ ഗോത്രവർഗകാര്യ മന്ത്രി അർജുൻ മുണ്ടെ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം എന്നിവരെയാണ് നിരീക്ഷരായി നിയോഗിച്ചിട്ടുള്ളത്. മൂന്നിടത്തും ഉപമുഖ്യമന്ത്രിമാരുമുണ്ടാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിസ്ഥാനാർഥിയെ നിശ്ചയിക്കാതെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിർന്ന പല നേതാക്കളും സംസ്ഥാനത്ത് ഉണ്ടായിരുന്നുവെങ്കിലും ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നില്ല.
മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്താനാണു സാധ്യത.
ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമണ്‍ സിംഗ്, സംസ്ഥാന ബിജെപി അധ്യക്ഷൻ അരുണ്‍ കുമാർ സാവോ, പ്രതിപക്ഷ നേതാവ് ധരംലാൽ കൗഷിക്, മുൻ ഐഎഎസ് ഓഫീസർ ഒ.പി. ചൗധരി അടക്കമുള്ളവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയാണ് നിലവിൽ മുതിർന്ന നേതാവായി മുന്നിലുള്ളത്.
രാജസ്ഥാനിൽ നിരീക്ഷകനായി രാജ്നാഥ് സിംഗിനെ നിയോഗിച്ചത് വസുന്ധര രാജെയെ അനുനയിപ്പിക്കാനാണെന്ന് പ്രചാരണമുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി വസുന്ധര ചർച്ച നടത്തിയിരുന്നു.
ജയ്പുരിലെ വസതിയിൽ 60 എംഎൽഎമാരെ വിളിച്ചുചേർത്ത് ശക്തി പ്രകടിപ്പിച്ചശേഷമാണ് വസുന്ധര ഡൽഹിക്കു വന്നത്. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാതെ ബിജെപി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് ആരോപിച്ചിരുന്നു.