അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച അമേരിക്കൻ പൗരന് തടവുശിക്ഷ
Sunday, December 10, 2023 1:32 AM IST
ലക്നോ: നേപ്പാൾ അതിർത്തിവഴി അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച അമേരിക്കൻ പൗരന് കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചു.
കാലാവധി കഴിഞ്ഞ വീസയിൽ ഇന്ത്യയിൽ പ്രവേശിച്ച എറിക് ഡാനിയേൽ(40) എന്നയാൾക്കാണ് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ജ് കോടതി ശിക്ഷ വിധിച്ചത്. മഹാരാജ്ഗഞ്ജ് ജില്ലയിലെ സൊനോലിയിലുള്ള നേപ്പാൾ അതിർത്തിവഴി ഇന്ത്യയിലേക്കു കടന്ന ഇയാൾ കഴിഞ്ഞ മാർച്ച് 29നാണ് അറസ്റ്റിലായത്.
ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് അന്നുമുതൽ മഹാരാജ്ഗഞ്ജ് ജില്ലാ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിലായിരുന്നു. 2018ൽ ഇയാൾ ടൂറിസ്റ്റ് വീസയിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. ഏതാനും ദിവസത്തെ താമസത്തിനുശേഷം മടങ്ങുകയും ചെയ്തിരുന്നു.
2021ൽ മറ്റൊരു ടൂറിസ്റ്റ് വീസയിൽ വീണ്ടുമെത്തിയ ഇയാൾ വീസയുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് വീസാ തീയതിയിൽ കൃത്രിമം നടത്തി പ്രയാഗ് രാജിലും മറ്റുമായി ഏറെ നാൾ കഴിഞ്ഞു. അവിടെനിന്നു സൊനോലി അതിർത്തിവഴി നേപ്പാളിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്.