രണ്ടാംദിനം ജനസന്പർക്കവുമായി രേവന്ത്
Saturday, December 9, 2023 1:34 AM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ടാംദിനംതന്നെ ജനസന്പർക്ക പരിപാടി സംഘടിപ്പിച്ച് രേവന്ത് റെഡ്ഢി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ജ്യോതിറാവു ഫൂലെ പ്രജാഭവനിൽ സംഘടിപ്പിച്ച "പ്രജാ ദർബാർ’ എന്നു വിശേഷിപ്പിച്ച പരിപാടിയിൽ സാധാരണക്കാരുടെ പരാതികൾ നേരിട്ടു സ്വീകരിച്ച അദ്ദേഹം വേഗത്തിലുള്ള പ്രശ്നപരിഹാരവും വാഗ്ദാനം ചെയ്തു.
ഭിന്നശേഷിക്കാരുടെ പരാതികളാണ് പ്രധാനമായും മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മന്ത്രിമാരായ പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഢി, സീതക്ക എന്നറിയപ്പെടുന്ന ഡി. അനസൂയ എന്നിവരും പ്രജാ ദർബാറിൽ പങ്കെടുത്തു.
പരാതികൾ സ്വീകരിക്കാൻ 15 ഡെസ്കുകളും ആളുകൾക്ക് 320 ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരുന്നു. അപേക്ഷകൾ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുന്നതിനും പരാതി ഐഡി നൽകുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു.
അടിയന്തരയോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിന്നീട് സെക്രട്ടേറിയറ്റിലേക്കു പോയെങ്കിലും മന്ത്രി സീതക്ക എല്ലാവരിൽനിന്നും പരാതികൾ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ക്യാന്പ് ഓഫീസും ഔദ്യോഗിക വസതിയും ഇനിമുതൽ എല്ലാവർക്കും ലഭ്യമാകുമെന്നു സത്യപ്രതിജ്ഞാ വേളയിൽ രേവന്ത് റെഡ്ഢി പ്രഖ്യാപിച്ചിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുന്പോൾതന്നെ മുഖ്യമന്ത്രിയുടെ ക്യാന്പ് ഓഫീസിനും ഔദ്യോഗിക വസതിക്കും ചുറ്റുമുള്ള ബാരിക്കേഡുകളും ഇരുന്പ് വേലിയും പൊളിച്ചുമാറ്റിയിരുന്നു. ബിആർഎസ് അധികാരത്തിലിരുന്നപ്പോൾ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ജനങ്ങൾക്ക് അപ്രാപ്യനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.